Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയനചർച്ച സ്ഥിരീകരിച്ച് എൻസിപി: കേരള കോൺഗ്രസ് (ബി) യും സമീപിച്ചു

AK Sasindran, KB Ganeshkumar, Thomas Chandy

കൊച്ചി ∙ കേരള കോൺഗ്രസ് (ബി) യുമായുള്ള ലയനചർച്ച സ്ഥിരീകരിച്ച് എൻസിപി. പാർട്ടിയിൽ ലയിക്കാൻ കേരള കോൺ‌ഗ്രസ് (ബി) ഉൾപ്പെടെയുള്ളവർ താത്പര്യം അറിയിച്ചിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറഞ്ഞു. പക്ഷേ ലയനം ഇപ്പോൾ അജണ്ടയിലില്ലെന്നും സംഘടനാ തിരഞ്ഞെടുപ്പിനു ശേഷമെ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകൂവെന്നും പീതാംബരൻ വ്യക്തമാക്കി. കോടതിവിധി അനുകൂലമായാൽ എ.കെ.ശശീന്ദ്രൻ തന്നെ എൻസിപിയുടെ മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടിയോട് ആലോചിക്കാതെ പീതാംബരൻ ചർച്ച നടത്തിയത് ശരിയായില്ലെന്ന് നേതൃയോഗത്തിൽ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് (ബി)യുമായി യാതൊരു സഹകരണവും വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.

അതിനിടെ, എന്‍സിപിയുമായുള്ള ലയന സാധ്യത തള്ളാതെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രംഗത്തെത്തി. ലയനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ലയിക്കുമ്പോള്‍ പരസ്പര വിശ്വാസമുണ്ടാകണം. കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ഒരു പാര്‍ട്ടിയോടും എതിര്‍പ്പില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ആര്‍എസ്പി (എല്‍) മന്ത്രി സ്ഥാനം ചോദിച്ചിരുന്നുവെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം തീരുമാനിക്കേണ്ടത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനം ആര്‍ക്കെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമാക്കി മൂന്ന് എല്‍എല്‍എമാര്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. എ.കെ.ശശീന്ദ്രനോ തോമസ് ചാണ്ടിക്കോ മന്ത്രായാകാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ എന്‍സിപിയില്‍ എത്തി മന്ത്രിയാകാനായിരുന്നു മൂന്നു പേരുടെയും നീക്കം.

ദൂതൻമാർ മുഖേനയാണ് മൂന്ന് ഇടതുസാമാജികരും എൻസിപിയെ സമീപിച്ചത്. ഇതൊക്കെയാണെങ്കിലും കേസുകളിൽനിന്ന് മുക്തരായി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് എ.കെ.ശശീന്ദ്രനും തോമസ്ചാണ്ടിയും.