Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടൺ എന്റെ മേശപ്പുറത്തുണ്ട്: കിം ജോങ് ഉൻ

North Korea Kim Jong Un

സോൾ∙ യുഎസിനെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നത് തങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങളാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ മുഴുവൻ ലക്ഷ്യംവക്കാൻ ശേഷിയുള്ള അണ്വായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇതു യുഎസിനും അറിയാം. അതിനാൽ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുമ്പെടില്ല. അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ബട്ടൺ എന്റെ മേശപ്പുറത്ത് എപ്പോഴുമുണ്ട്. ഇതു ഭീഷണിയല്ല, യാഥാർഥ്യമാണ്. പുതുവർഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം.

അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വൻതോതിലുള്ള നിർമാണത്തിൽ ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങൾ കുറയ്ക്കണം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കണം. ചർച്ചയുടെ പാത തുറന്നിട്ടിരിക്കുകയാണെന്നും കിം വ്യക്തമാക്കി.

അതേസമയം, ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയൻ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേർത്തു. ഒളിംപിക്സിൽ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഒളിംപിക്സ് വൻ വിജയമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇരു കൊറിയകളുടെയും പ്രതിനിധികൾ ഉടൻതന്നെ യോഗം ചോരണമെന്നും കിം ആവശ്യപ്പെട്ടു.

രാജ്യാന്തര മുന്നറിയിപ്പുകളും ഉപരോധങ്ങളും ഏർപ്പെടുത്തിയെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അണ്വായുധങ്ങളും ഹൈഡ്രജൻ ബോംബും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.