Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയെ സ്വന്തം മിസൈൽ ‘ചതിച്ചു’? നഗരം തകർന്നതായി റിപ്പോർട്ട്

kim-jong-un-1

ലണ്ടൻ ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോക സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ, അവരുടെ തന്നെ മിസൈലുകളിലൊന്ന് ‘ചതിച്ച’തായി റിപ്പോർട്ട്. തുടർ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ ലോകത്തിന്റെ ഉറക്കം കെടുത്തിയ 2017 ലാണ് സംഭവം. വിക്ഷേപിച്ച ഉടനെ തകർന്നുവീണ മിസൈൽ, ഉത്തരകൊറിയയിലെ ടോക്ചോൺ നഗരത്തെ ഭാഗികമായി തകർത്തെന്നാണു സൂചന.

2017 ഏപ്രിൽ 28 ന് ഹ്വാസോങ്–12 എന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അപകടം വരുത്തിവച്ചത്. രണ്ടു ലക്ഷത്തിലേറെ താമസക്കാരുള്ള ടോക്ചോൺ നഗരത്തിലാണ് വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളിൽ മിസൈൽ തകർന്നുവീണത്. തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽനിന്ന് 90 മൈൽ അകലെയാണ് ടോക്ചോൺ.

യുഎസ് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അപകടവിവരം പുറത്തായത്. ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾ തകർന്നുവീണാൽ വൻ സ്ഫോടനം ഉറപ്പാണ്. മിസൈൽ പരീക്ഷണത്തിനു മുൻപ് ടോക്ചോൺ നഗരത്തിലുണ്ടായിരുന്ന ചില ബഹുനിലക്കെട്ടിടങ്ങൾ അതിനുശേഷമുള്ള ചിത്രങ്ങളിൽനിന്ന് അപ്രത്യക്ഷമായതോടെയാണ് അപകടത്തെപ്പറ്റി സംശയമുയർന്നത്. അതേസമയം, അപകടത്തിന്റെ തീവ്രത, ആൾനാശം എന്നിവയെക്കുറിച്ച് സൂചനകളൊന്നുമില്ല.

പുക്ചാങ് വിക്ഷേപണ കേന്ദ്രത്തിൽനിന്നു കുതിച്ചുയർന്ന മിസൈൽ വടക്കു കിഴക്ക് ദിശയിൽ ഏതാണ്ട് 24 മൈലോളം പറന്ന ശേഷമാണ് തകർന്നതെന്നാണ് വിവരം. പറന്നുയർന്ന് ഒരു മിനിറ്റിനിടെ സംഭവിച്ച യന്ത്രത്തകരാറാണ് അപകടകാരണമെന്നും യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഇങ്ങനെയൊരു അപകടം നടന്നിട്ടുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക സാധ്യമല്ലെന്നും റിപ്പോർട്ട് പുറത്തുവിട്ട മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിസൈൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉത്തരകൊറിയയുടെ പതിവ്. പരീക്ഷണത്തിനിടെ മിസൈൽ തകർന്നുവീഴുന്നത് മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തായാലുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈലുകൾ പറന്നിരുന്നു. ഇത്തരം നീക്കങ്ങൾ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.