Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എകെജി വിവാദം: മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറയുമെന്ന് മന്ത്രി മണി

Mani-Balram

തിരുവനന്തപുരം ∙ എ.കെ. ഗോപാലനെതിരായ വി.ടി. ബല്‍റാം എംഎൽഎയുടെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മന്ത്രി എം.എം. മണി. സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതമില്ലെന്നും ബല്‍റാമിന്റെ സംസ്കാരമാണ് എകെജിക്കെതിരായ പരാമർശത്തിലൂടെ പുറത്തുവന്നതെന്നും എം.എം. മണി പറഞ്ഞു. സംഭവം വിവാദമായതോടെ, തല്‍ക്കാലം പ്രതികരണത്തിനില്ലെന്ന് ബല്‍റാം മനോരമ ന്യൂസിനോടു പറഞ്ഞു.

അതിനിടെ, എംഎല്‍എയ്ക്കെതിരെ സൈബര്‍വിമര്‍ശനങ്ങള്‍ക്കൊപ്പം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈകിട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് നടത്തും. നേരത്തെ, സമൂഹമാധ്യമത്തിലെ പരാമർശം വിവാദമായതിനു പിന്നാലെ തൃത്താലയിൽ പടിഞ്ഞാറങ്ങാടി റോഡിലുളള ബൽറാമിന്റെ എംഎല്‍എ ഒാഫിസിനുനേരെ ആക്രമണമുണ്ടായിരുന്നു. ഓഫിസിനുനേരെ പുലര്‍ച്ചെ അ‍ജ്ഞാതര്‍ മദ്യക്കുപ്പികളെറിഞ്ഞു. ഓഫിസിന് കേടുപാടികളില്ല. പൊലീസ് അന്വേഷണം തുടങ്ങി.

എകെജി– സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലൂെട ബല്‍റാമിനെതിരെ ഉണ്ടാകുന്നത്.

ടിപി വധ ഗൂഢാലോചനക്കേസ് അട്ടിമറിച്ചെന്ന സമൂഹമാധ്യമത്തിലെ പോസ്റ്റും വിവാദമായതിനെത്തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയില്‍ വെള്ളിയാഴ്ച വി.ടി. ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.