Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ; ആധാർ ചോരില്ലെന്ന് കെ.സുരേന്ദ്രൻ

K Surendran

കോഴിക്കോട്∙ ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കപ്പെടുന്നുവെന്ന വാര്‍ത്തയും പ്രചാരണവും കള്ളക്കഥയാണെന്ന് ബിജെപി സംസ്ഥാന ജനറൽ കെ.സുരേന്ദ്രൻ. ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളതെന്ന് ചോദിച്ച സുരേന്ദ്രൻ, ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ ഈ രാജ്യത്തു നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളത്? അച്ഛന്റെയുടെ അമ്മയുടെയും ഭാര്യയുടെയും പേരുകൾ ഇത്ര വലിയ രഹസ്യമാണോ? ജനന തീയതിയും പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് നമ്പറുകളും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? തട്ടിപ്പു നടത്തുന്നവർ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ ഈ രാജ്യത്തു നടത്തുന്നുണ്ട്? ബാങ്കുകളിലും മൊബൈൽ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാർ ഉത്തരവാദിയല്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൂടി ആധാറുമായി ബന്ധിപ്പിക്കണം. അങ്ങനെ ചെയ്താൽ കേരളത്തിലെ പല എംഎൽഎമാരും എംപിമാരും കാശിക്കുപോകേണ്ടി വരും.– സുരേന്ദ്രൻ വ്യക്തമാക്കി.

യുഐഡിഎഐ മുൻ ചെയർമാൻ നന്ദൻ നിലേക്കനി ആധാറിനെപ്പറ്റി വിശദീകരിക്കുന്ന അഭിമുഖവും സുരേന്ദ്രൻ പങ്കുവച്ചിട്ടുണ്ട്. ‌ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കപ്പെടുന്നുവെന്ന വാര്‍ത്ത ദ് ട്രിബ്യൂൺ ആണ് പുറത്തുകൊണ്ടുവന്നത്. റിപ്പോർട്ട് തയാറാക്കിയ മാധ്യമപ്രവര്‍ത്തക രചന ഖൈറയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത് വിവാദമായി. പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അജ്ഞാത വാട്സാപ് കൂട്ടായ്മയിലൂടെയാണ് വിവരങ്ങൾ ചോർന്നത്. ഇതുവരെ ശേഖരിച്ച 100 കോടിയോളം വരുന്ന ജനങ്ങളുടെ ആധാർ വിവരങ്ങൾ ആർക്കുവേണമെങ്കിലും ലഭ്യമാകുന്നുവെന്നതായിരുന്നു അവസ്ഥ. എന്നാൽ ആധാറുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്തുപോയിട്ടില്ലെന്നാണു യുഐഡിഎഐ വിശദീകരണം.

കെ.സുരേന്ദ്രന്റെ കുറിപ്പിൽനിന്ന്:

ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നു പറഞ്ഞ് വലിയ ചർച്ചകൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്. ഒന്നാമത്തെ കാര്യം ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങൾ ദുരുദ്ദേശ്യത്തോടു കൂടിയാണ്. എനിക്കു മനസ്സിലാവാത്തത് ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളത് എന്നാണ്. ഞാനും ആധാർ കാർഡ് എടുത്തിട്ടുണ്ട്. അച്ഛന്റെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാൻ കാർഡു നമ്പറും ഡ്രൈവിങ് ലൈസൻസ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? ടെലിഫോൺ നമ്പറും സ്ഥാവരജംഗമ സ്വത്തുക്കളും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനും സർക്കാർ അവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.

ഇനി അതും കൂടി വന്നാലും അതിലെന്താണ് ഇത്ര സ്വകാര്യത? ഇനി പാൻ കാർഡ് നമ്പർ കിട്ടിയാൽ തന്നെ ആദായനികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങൾ കിട്ടുമോ? ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടിയാലും ബാങ്കുകൾ വിചാരിക്കാതെ ബാലൻസ് ഷീറ്റ് കിട്ടുമോ? തട്ടിപ്പു നടത്തുന്നവർ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ ഈ രാജ്യത്തുനടത്തുന്നുണ്ട്? തെൽഗിയെ ഓർമയുണ്ടോ നിങ്ങൾക്ക്? ഹർഷദ് മേത്തയെ നിങ്ങൾ മറന്നുപോയോ? ഒരാളുടെ തംപ് ഇംപ്രഷനും കണ്ണിലെ കൃഷ്ണമണിയും ആർക്കും ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കാൻ കഴിയില്ല. ബാങ്കുകളിലും മൊബൈൽ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാർ ഉത്തരവാദിയല്ല.

തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാങ്മൂലമായി നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ഇതെല്ലാം ലഭ്യമാണുതാനും. പ്രശ്നം സ്വകാര്യതയുടേതല്ല. എതിർപ്പ് ആധാറിനോടാണ്. ആധാർ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിനു രൂപയുടെ സബ്സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിന്റെ ഏനക്കേടാണ് ചിലയാളുകൾക്ക്. ശരിക്കും പറഞ്ഞാൽ വോട്ടർ ഐഡി കാർഡുകൂടി ആധാറുമായി ലിങ്ക് ചെയ്യണം. അങ്ങനെ ചെയ്താൽ കേരളത്തിലെ പല എംഎൽഎമാരു എംപിമാരും കാശിക്കുപോകേണ്ടി വരും.