Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നു തെരേസ മേ, ട്രംപിന്റെ സന്ദർശനത്തിനും സ്ഥിരീകരണം

Theresa May

ലണ്ടൻ∙ ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീൻ ഉൾപ്പെടെയുള്ളവരുടെ ഒഴിവു നികത്തി മന്ത്രിസഭയുടെ പുനഃസംഘടന ഉടനുണ്ടാകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക ബ്രിട്ടിഷ് പര്യടനവും ഈ വർഷം ഉണ്ടാകുമെന്നു പ്രധാനമന്ത്രി സ്ഥിരീകരിച്ചു. രാജ്യാന്തര മാധ്യമമായ ബിബിസിയിലെ അഭിമുഖ പരിപാടിയായ ‘ആൻഡ്രൂ മർ ഷോ’ യിലാണ് ഈ വർഷത്തെ കർമ പദ്ധതികളും ഇതുവരെയുള്ള ഭരണനേട്ടങ്ങളും പ്രധാനമന്ത്രി വിവരിച്ചത്. റെയിൽവേ നിരക്കു വർധനയെയും എൻഎച്ച്എസ്. പ്രതിസന്ധിയെയും ന്യായീകരിച്ച പ്രധാനമന്ത്രി പ്രകടനപത്രികയിൽ പറഞ്ഞിരുന്ന ചില കാര്യങ്ങൾ നടപ്പാക്കാനാകില്ലെന്നു തുറന്നു സമ്മതിക്കാനും തയാറായി.  

ഇന്നോ നാളെയോ മന്ത്രിസഭയുടെ പുനഃസംഘടന ഉണ്ടായേക്കുമെന്നാണു സൂചന. ലൈംഗിക ആരോപണത്തിലും പാർലമെന്റ് ഓഫിസിലെ കംപ്യട്ടറിൽ നീലച്ചിത്രം ഡൗൺലോഡ് ചെയ്ത കേസിലും കുടുങ്ങി രാജിവച്ച ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീനിന്റെ ഒഴിവാണു പ്രധാനമായും നികത്താനുള്ളത്. മന്ത്രിസഭയിലെ രണ്ടാമനായ ഫസ്റ്റ് സെക്രട്ടറിയുടെ പദവിയിലേക്കു ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാൻസിലർ ഫിലിപ്പ് ഹാമണ്ടിനും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിനും മാറ്റമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ പേരാണു ഫസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്നത്. എന്നാൽ പ്രതിപക്ഷം ഈ അഭ്യൂഹങ്ങളെ വിമർശിച്ചു രംഗത്തെത്തി കഴിഞ്ഞു. ആരോഗ്യരംഗം വഷളാക്കിയ മന്ത്രിക്കു സ്ഥാനക്കയറ്റം നൽകുന്നതു ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.

വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ്ങിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നു സൂചനയുണ്ട്.

നേരത്തെ ലൈംഗികാപവാദത്തിൽ കുടുങ്ങി രാജിവച്ച പ്രതിരോധ സെക്രട്ടറി സർ മൈക്കിൾ ഫാലനും ഇസ്രയേൽ നയതന്ത്ര വിവാദത്തിൽ പെട്ടു രാജിവച്ച ഏഷ്യൻ വംശജയായ ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി പ്രീതി പട്ടേലിനും പകരം നേരത്തെ മന്ത്രിമാരെ നിയമിച്ചിരുന്നു. പ്രീതി പട്ടേൽ രാജിവച്ച സാഹചര്യത്തിൽ മന്ത്രിസഭയിൽ ഏഷ്യൻ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ജസ്റ്റിൻ ഗ്രീനിനെ ഒഴിവാക്കിയാൽ മറ്റൊരു വനിതാ മന്ത്രിക്കും സാധ്യതയേറെയാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടിഷ് സന്ദർശനം ഈ വർഷം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി പക്ഷേ, ട്രംപിനെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ഏറെ കരുതലോടെയാണു മറുപടി പറഞ്ഞത്. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ അമേരിക്കയുടെ താൽപര്യം മുന്നിൽ കണ്ടുള്ളവയാണെന്നു മാത്രമായിരുന്നു ചോദ്യങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.

ലിവർപൂൾ മുതൽ ഹൾ വരെയുള്ള പ്രദേശത്ത് ‘ന്യൂ നോർതേൺ ഫോറസ്റ്റ്’ എന്ന പേരിൽ വനവൽകരണത്തിനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 25 വർഷം നീളുന്ന 500 മില്യൺ പൗണ്ടിന്റെ പദ്ധതിയിൽ 50 മില്യൺ മരങ്ങളാകും വച്ചുപിടിപ്പിക്കുക.  

എൻഎച്ച്എസിൽ ഒരു മാസത്തേക്കു ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്ന സാഹചര്യം ഫണ്ടിന്റെ അപര്യാപ്തതമൂലമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള ഫോക്സ് ഹണ്ടിങ് നിരോധനം നീക്കുന്നതു സംബന്ധിച്ചു പാർലമെന്റിൽ വോട്ടെടുപ്പു നടത്തുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാനാകുമെന്നു കരുതുന്നില്ലെന്നും തെരേസ മേ പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പിലും മൽസരരംഗത്ത് ഉണ്ടാകണമെന്നാണു തന്റെ താൽപര്യമെന്നും അവർ വ്യക്തമാക്കി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.