Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോക്‌‍ലായിൽ ചൈനീസ് സൈന്യം പിന്മാറിയെന്ന് ഇന്ത്യ; ഇല്ലെന്ന് ബെയ്ജിങ്

India China

ന്യൂഡൽഹി∙ ദോക്‌‍ലായിൽ ചൈനീസ് സേനയെ വൻതോതിൽ പിൻവലിച്ചെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ ബെയ്ജിങ്. ഇന്ത്യയുടെ സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ വെളിപ്പെടുത്തലിനോടു മറുപടി പറഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് സൈനികർ സമീപ മേഖലയിൽ തന്നെ തമ്പടിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി. ദോക്‌‍ലാ ചൈനയുടെ പരിധിയിൽ വരുന്ന പ്രദേശമാണെന്നും ഇതേച്ചൊല്ലി യാതൊരു പ്രശ്നങ്ങളും ആരോടുമില്ലെന്നും വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

ദോക്‌‍ലായിൽ ചൈനീസ് സൈനികര്‍ പതിവു പട്രോളിങ് നടത്തുന്നുണ്ട്. ഇന്ത്യ–ചൈന കിഴക്കൻ അതിര്‍ത്തി പ്രദേശങ്ങളിൽ വലിയ തർക്കങ്ങൾ നടക്കുന്നുണ്ട്. ഈ മേഖലകളിൽ അഭിപ്രായ ഐക്യത്തിലെത്താന്‍ സാധിക്കണം. എന്നാല്‍ അതിനു മുൻപ് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുകയാണു വേണ്ടത്. അതിർത്തികളെ സംബന്ധിച്ച് കാലങ്ങളായി നിലനിൽക്കുന്ന കരാറുകൾ അടിസ്ഥാനമാക്കി തർക്കങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അതിർത്തി കടന്നുള്ള റോ‍‍ഡ് നിർമാണം ഇന്ത്യ തടഞ്ഞതിനെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല.

അരുണാചലിൽ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിർമാണശ്രമം നടത്തിയ ചൈന പിന്മാറാൻ സമ്മതിച്ചതായി തിങ്കളാഴ്ച ബിപിൻ റാവത്ത് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളിലെയും അതിർത്തി സേനാംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ദോ‍ക്‌‍ലായിൽനിന്നു ചൈനീസ് സേന പിൻവലിയുന്നതായും റാവത്ത് അറിയിച്ചിരുന്നു.

സിക്കിം അതിർത്തിയിലെ ദോക്‌ലായിൽ 73 ദിവസം നിണ്ടുനിന്ന യുദ്ധസമാന സാഹചര്യം അവസാനിപ്പിച്ച് ഇരുസേനകളും പിൻമാറി നാലുമാസത്തിനകമായിരുന്നു ചൈനയുടെ പുതിയ കടന്നുകയറ്റം. ദോക്‌ലായ്ക്കു ശേഷം ഉത്തരാഖണ്ഡിലെ ബരഹോതിയിൽ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ ഭാഗത്തേക്ക് ഒരുകിലോമീറ്ററോളം ചൈനീസ് സൈന്യം കയറിയിരുന്നു.