Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവജനോത്സവ അപ്പീലിന് വ്യാജരേഖയും 20,000 രൂപയും; രണ്ടുപേർ കസ്റ്റഡിയിൽ

State School youth Fest

തൃശൂർ ∙ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ‌ മത്സരിക്കാനുള്ള അപ്പീലിനു ബാലവകാശ കമ്മിഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കൾക്കു നൽകിയ രണ്ടുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നൃത്താധ്യാപകരായ തൃശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണു കസ്റ്റഡിയിലുള്ളത്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. രണ്ടു പേരെ കൂടി അന്വേഷിക്കുന്നു.

ജഡ്ജിമാരെ വരെ നിർണയിക്കുന്ന വൻ മാഫിയസംഘം ഇതിനു പിന്നിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം കിട്ടിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ഇവർ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. ജില്ലാതലത്തിൽ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ചു ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. വട്ടപ്പാട്ടിനു മലപ്പുറത്തുനിന്നെത്തിയ അപ്പീൽ, മത്സരത്തിൽ വളരെ മോശം നിലവാരം പുലർത്തിയതായിരുന്നു.

ജഡ്ജിമാരെ നിയമിക്കുന്നതിൽ ഇടപെട്ട ഒരു അധ്യാപക സംഘടനാ നേതാവും സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ഇദ്ദേഹം സ്വാധീനിച്ചുവെന്നു സൂചന കിട്ടിയതിനാൽ തിരുവനന്തപുരം ജില്ലാ കലോത്സവത്തിലെ 21 ജഡ്ജിമാരെ അവസാന നിമിഷം മാറ്റിയിരുന്നു. അപ്പീലിനോടൊപ്പം സമർപ്പിച്ച രേഖ വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വിവരം ഉടൻ ഡിപിഐക്കു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ഐജി എസ്.ശ്രീജിത്തിനും എസ്പി പി.എൻ.ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല. സംസ്ഥാന വ്യാപകമായി ഇവർക്കു ശൃഖംലയുണ്ടെന്ന് ഐജി പറഞ്ഞു. 8000 മുതൽ 20,000 രൂപയാണ് ഓരോ അപ്പീലിനും വാങ്ങിയത്. ബാലാവകാശ കമ്മിഷൻ രേഖയാണെന്നു വിശ്വസിച്ചാണു രക്ഷിതാക്കൾ പണം നൽകിയിരിക്കുന്നത്. മലപ്പുറത്തുനിന്നു വട്ടപ്പാട്ട് മത്സരത്തിൽ ഡിപിഐക്ക് അപ്പീൽ നൽകിയപ്പോൾ സമർപ്പിച്ച രേഖയാണു വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയത്.

തുടർന്നു തൃശൂരിൽനിന്നു മൂന്നും മലപ്പുറത്തുനിന്ന് ഒന്നും വ്യാജമാണെന്നു വ്യക്തമായി. 12 അപ്പീലുകളെങ്കിലും വ്യാജരേഖയുടെ ബലത്തിലാണു വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിൽനിന്നു നൃത്ത ഇനങ്ങളിൽ മത്സരിച്ചവരുടെ രണ്ട് അപ്പീലുകൾക്കൊപ്പം നൽകിയ രേഖ വ്യാജമാണെന്ന് ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും അവർ അപ്പീൽ എടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ഈ രണ്ട് അമ്മമാരിൽനിന്നും ഇന്നലെ ക്രൈംബ്രാഞ്ച് വിവരം  ശേഖരിച്ചു.  

വ്യാജരേഖ: ഈടാക്കിയിരുന്നത് 50,000 രൂപ വരെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ ബാലാവകാശ കമ്മിഷന്റെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാൻ അരലക്ഷം രൂപ വരെ ഈടാക്കിയിരുന്നതായി സൂചന. പാലക്കാട് ജില്ലയിലെ ഒരു മത്സരാർഥിയോട് ഈ തുക ആവശ്യപ്പെട്ടു ഫോൺ വിളിച്ചതു തൃശൂർ ജില്ലയിൽ നിന്നുള്ള സ്ത്രീ. മത്സരാർഥി പോകേണ്ടതില്ലെന്നും രേഖ എത്തിച്ചു തരാമെന്നുമായിരുന്നു വാഗ്ദാനം. ബാലാവകാശ കമ്മിഷന്റെ ഉത്തരവ് സൗജന്യമാണെന്നറിയാവുന്ന നൃത്തഗുരുവാണു പണം ചോദിക്കുന്നതിനു പിന്നിൽ തട്ടിപ്പുണ്ടെന്നു പറഞ്ഞു മനസിലാക്കി മത്സരാർഥിയെ പിന്തിരിപ്പിച്ചത്.