Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020ൽ ട്രംപിന് എതിരാളി ഓപ്ര വിൻഫ്രി? മൽസരിച്ചാൽ തോൽപിക്കുമെന്ന് ട്രംപ്!

Oprah-Winfrey-Donald-Trump ഓപ്ര വിൻഫ്രി , ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ∙ 2020ലെ തിരഞ്ഞെടുപ്പി‍ൽ ലോകപ്രശസ്ത അവതാരക ഓപ്ര വിൻഫ്രി മൽസരിക്കുമെന്ന വാർത്തയെ സന്തോഷത്തോടെ വരവേറ്റ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മത്സരിക്കുന്നതിൽ സന്തോഷം, ഞാനവരെ തോൽപ്പിക്കും’– ഓപ്രയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു.

ഗോൾഡൻ ഗ്ലോബിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വീകരിച്ച് ഓപ്ര വിൻഫ്രി നടത്തിയ ഗംഭീര പ്രസംഗമാണ് ‘താങ്കൾക്കു യുഎസ് പ്രസിഡന്റായിക്കൂടേ?’ എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. ആരാധകർ #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് വിൻഫ്രി.

‘പെൺകുട്ടികളേ, നിങ്ങൾക്കായി ഒരു പുതിയ ദിവസം ചക്രവാളത്തിൽ കാത്തിരിപ്പുണ്ട്’, ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ ‘ടൈംസ് ഇസ് അപ്’ പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു നടിയും അവതാരകയും ഓൺ ചാനൽ സിഇഒയുമായ വിൻഫ്രിയുടെ പ്രസംഗം. ഇത് വലിയ ചർച്ചയായി. 2020 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പി‍ൽ മൽസരിക്കുന്നതിനെപ്പറ്റി ഓപ്ര ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തതോടെ ഊഹാപോഹങ്ങൾക്കു ബലമേറി.

ഡമോക്രാറ്റിക് പാർട്ടിയോടാണ് വിൻഫ്രിയുടെ രാഷ്ട്രീയച്ചായ്‌വ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ മറുപക്ഷത്തു റിപ്പബ്ലിക്കൻ എതിരാളി ട്രംപ് തന്നെയായിരിക്കും. ടിവി താരം വിൻഫ്രിയുടെ എതിരാളിയാകാൻ മുൻ റിയാലിറ്റി താരം കൂടിയായ ട്രംപിനു സന്തോഷമേയുള്ളൂവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ‘എനിക്കവരെ നന്നായി അറിയാം. ഓപ്രയെ ഇഷ്ടമാണ്. അവർ മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിച്ചാൽ ഉറപ്പായും ഞാനവരെ തോൽപ്പിക്കും’– ട്രംപ് പറഞ്ഞു.

അതേസമയം, ഓപ്ര വരുന്നതിൽ ഇഷ്ടക്കേടുള്ളവരും യുഎസിലുണ്ട്. ‘നോപ്ര ! നമുക്ക് മറ്റൊരു സെലിബ്രിറ്റി പ്രസിഡന്റിനെ ആവശ്യമുണ്ടോ ?’ എന്നായിരുന്നു കഴിഞ്ഞദിവസം ന്യൂയോർക്ക് പോസ്റ്റിന്റെ തലക്കെട്ട്. ‘ഓപ്ര, റിയലി? തീർച്ചയായും മടുപ്പിക്കും’ വിമർശന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. ‘അവർ വിജയിച്ച വ്യക്തിയായിരിക്കും. എന്നാലെന്താണ് അവരുടെ നയങ്ങൾ? എന്തായിരിക്കും അവരുടെ പ്രചാരണം? അതിലെല്ലാം ധാരാളം പ്രശ്നങ്ങളുണ്ട്’– വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേർസ് പറഞ്ഞു.

ഓപ്രയ്ക്കായുള്ള മുറവിളിയെ ട്രംപും വൈറ്റ് ഹൗസും ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സാൻഡേർസന്റെ പ്രതികരണം കാണിക്കുന്നത്.