Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മോശം ‘ഇടപാട്’ ഉദ്ഘാടനം ചെയ്യാനില്ല; ട്രംപ് ബ്രിട്ടൺ സന്ദർശനം റദ്ദാക്കി

Donald Trump

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുകെയിലേക്കു നടത്താനിരുന്ന സന്ദർശനം റദ്ദാക്കി. സെൻട്രൽ ലണ്ടനിൽ നിന്നു മാറ്റിയ യുഎസ് എംബസിയുടെ ഉദ്ഘാടനത്തിനാണ് ട്രംപ് ബ്രിട്ടൻ സന്ദർശിക്കാനിരുന്നത്. 120 കോടി ഡോളർ ചിലവിട്ടാണ് ഗ്രോസ്‌വെനർ സ്ക്വയറിൽനിന്ന് യുഎസ് എംബസി മാറ്റിയത്. ബറാക് ഒബാമ അധികാരത്തിലിരുന്നപ്പോഴായിരുന്നു ഇത്.

ഒബാമ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ തുറന്നപോര് പ്രസ്താവിച്ചാണ് ട്രംപ് തന്റെ യാത്ര റദ്ദാക്കിയത്. ‘ഓബാമ ഭരണകൂടത്തിന്റെ അഭ്യുദയകാംക്ഷിയൊന്നുമല്ല താൻ. ലണ്ടനിലെ ഏറ്റവും നല്ല സ്ഥലത്തിരുന്ന എംബസിയാണ് 1.2 ബില്യൺ ഡോളർ ചെലവിട്ട് അത്ര പ്രാധാന്യമർഹിക്കാത്ത സ്ഥലത്തേക്ക് അവർ മാറ്റിയത്. വളരെ മോശം ഇടപാട്. അത് ഞാൻ ഉദ്ഘാടനം ചെയ്യണമെന്നാണോ? സാധിക്കില്ല’ – ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, യുഎസ് എംബസിയുടെ ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നിർവഹിക്കും. ഈമാസം 16നാണ് എംബസി ഉദ്യോഗസ്ഥർക്കായി തുറന്നുകൊടുക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ യുഎസ് സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ആണ് ട്രംപിനെയും ഭാര്യ മെലനിയയേയും ബ്രിട്ടനിലേക്ക് ക്ഷണിച്ചത്. എന്നാൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു നടത്തിയ മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തി ബ്രിട്ടനിൽ ട്രംപിനെതിരെ വൻ പ്രതിഷേധമാണ് അലയടിച്ചത്. പതിനായിരക്കണക്കിനു പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നത്.