Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാർ: ഇടപെടാൻ ഇല്ലെന്ന് കേന്ദ്രം, വിവാദമായി രാജയുടെ സന്ദര്‍ശനം

Supremecourt Judges സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനത്തിൽ.

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമർശത്തിൽ ഇടപെടാനില്ലെന്ന് സർക്കാർ. ‘നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകം മുഴുവൻ പേരുകേട്ടതാണ്. അതിന് സ്വതന്ത്രാധികാരവുമുണ്ട്. അതിനാൽത്തന്നെ നിലവിലെ പ്രശ്നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’– നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി പറഞ്ഞു.

നീതിന്യായവ്യവസ്ഥയുടെ ആഭ്യന്തര പ്രശ്നമായതിനാൽ ഇതിൽ ഇടപെടാനില്ലെന്നതാണു കേന്ദ്രസർക്കാരിന്റെ നയമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയാനുമില്ല. അതേസമയം പ്രശ്നം എത്രയും പെട്ടെന്നു തീർക്കുന്നതിന് സുപ്രീംകോടതിക്കു ബാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവേറ്റിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

അതിനിടെ, സിപിഐ നേതാവ് ഡി.രാജ ജസ്റ്റിസ് ജെ.ചെലമേശ്വറിനെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് വിവാദമായി. ചെലമേശ്വറുമായുള്ള രാജയുടെ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും പാർട്ടിയുടെ പ്രതിനിധിയായല്ലെന്നും പിന്നീട് സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഢി വ്യക്തമാക്കി. സുപ്രീംകോടതി പ്രശ്നത്തിൽ സിപിഐ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിക്കു തന്നെ ഇതു പരിഹരിക്കാൻ സാധിക്കുമെന്നും റെഡ്ഢി പറഞ്ഞു.

വിദ്യാർഥിയായിരുന്ന കാലം മുതൽക്കുതന്നെ പരിചയമുള്ളതിനാലാണ് ഇത്തരമൊരു സന്ദർഭത്തിൽ ചെലമേശ്വറിനെ കാണാൻ പോയതെന്ന് രാജയും വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഷ്ട്രീയം ചേർക്കേണ്ടതില്ല. ദീർഘകാലത്തെ പരിചയം കാരണമാണ് ഇത്തരമൊരു നിർണായക സന്ദർഭത്തിൽ കാണാൻ പോയത്. കൂടിക്കാഴ്ചയിൽ ചെലമേശ്വർ പറഞ്ഞ കാര്യങ്ങളും രാജ പുറത്തുവിട്ടു. ‘ജഡ്ജിമാർക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരും പൊതുജനങ്ങളുമാണ്’– എന്നാണ് ചെലമേശ്വർ പറഞ്ഞതെന്നും രാജ വ്യക്തമാക്കി.

അതിനിടെ, സുപ്രീംകോടതിയിലെ പ്രതിസന്ധി ഫുൾകോർട്ട് ചേർന്നു പരിഹരിക്കണമെന്ന് കോൺഗ്രസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജഡ്ജിമാർ മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം ശ്രദ്ധയോടെ പരിഗണിക്കണം. നീതിയിൽ വിശ്വസിക്കുന്ന എല്ലാ പൗരന്മാരും സംഭവത്തിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിൽ പ്രശ്നത്തിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.

ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ്

സമാനതകളില്ലാത്ത സംഭവവികാസത്തിൽ, രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ചത് നാല് മുതിർന്ന ജഡ്ജിമാരാണ്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവർത്തന രീതികളോടുള്ള എതിർപ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി.

കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജഡ്ജിമാർ, സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്.

അതേസമയം, എതിർപ്പിന് കാരണമായ വിഷയം വെളിപ്പെടുത്താൻ ജഡ്ജിമാർ വിസമ്മതിച്ചു. നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ കൂടുതൽ മോശമാകാൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.

ജഡ്ജിമാരുടെ പത്ര സമ്മേളനത്തിൽനിന്ന്

ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വർ വാർത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരുമെന്ന് ഉറപ്പാണ്.

നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുൻപ് കത്തും നൽകി. എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസുമായി രാവിലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. 

ഞങ്ങളുടെ ആത്മാവിനെ ഞങ്ങൾ വിറ്റഴിച്ചെന്ന് ഇരുപതു വർഷങ്ങൾക്കുശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങൾ‌ നിശബ്ദരായിരുന്നുവെന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ഞങ്ങളുടെ ആത്മാർഥതയെയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് തങ്ങൾക്കു നിർവഹിക്കണമെന്നും ജഡ്ജിമാർ വ്യക്തമാക്കി.

അതേസമയം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന ചോദ്യത്തിന്, ‘അതു രാജ്യം തീരുമാനിക്കട്ടെ’ എന്നായിരുന്നു ചെലമേശ്വറിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്ന ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും ചെലമേശ്വർ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസിന് കൈമാറിയ ഏഴു പേജുള്ള കത്തും വാർത്താ സമ്മേളനത്തിനു പിന്നാലെ പുറത്തുവന്നു. സുപ്രീം കോടതിയുടെ ഉത്തരവുകൾ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്നാണ് ഇതിലെ പ്രധാന ആരോപണം.

കത്തിലെ പ്രധാന പരാമർശങ്ങൾ ഇങ്ങനെ (കത്തിന്റെ പൂർണരൂപം വായിക്കാം)

കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ തീരുമാനിക്കുന്നതിൽ വിവേചനമുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമെയുള്ളൂ. സമൻമാരിലെ മുമ്പൻ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നുംപോലെ ബെഞ്ചുകൾ മാറ്റിമറിക്കാൻ ആർക്കും അധികാരമില്ല. സുപ്രീം കോടതി ഉത്തരവുകൾ നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവർത്തനം പോലും തടസ്സപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.