Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരേന്ദ്രകുമാറിനെ വിമർശിച്ച് മുരളീധരൻ; സിപിഎമ്മിനെ പരിഹസിച്ച് പി.സി.ജോർജും

PC George, K Muraleedharan

തിരുവനന്തപുരം∙ ഒൻപതു വർഷത്തെ ബന്ധമവസാനിപ്പിച്ചു മുന്നണി വിട്ട എം.പി. വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണി രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് വീരേന്ദ്രകുമാര്‍. ഇപ്പോള്‍ ഒന്‍പതുവര്‍ഷം നിന്നതുതന്നെ വലിയ കാര്യം. നേമത്ത് കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം തകരാന്‍ കാരണം ജെഡിയുവിന് സീറ്റ് കൊടുത്തതാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, ജെഡിയുവിന്‍റെ മുന്നണിമാറ്റത്തില്‍ സിപിഎം നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എയും രംഗത്തെത്തി. കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയില്‍ എടുത്താല്‍ ‘പിണറായി കൂട്ട് കള്ള മുന്നണി’ എന്ന് വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കോടീശ്വരനായ സോഷ്യലിസ്റ്റിനോട് കൂട്ടുകൂടിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം പരിഹസിച്ചു.

രണ്ടുദിവസത്തെ നേതൃയോഗത്തിനു ശേഷമാണ് യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം തിരികെ ചേരാൻ ജനതാദൾ (യു) തീരുമാനിച്ചത്. വർഗീയതയ്‌ക്കെതിരെ ഇടതുപക്ഷ- മതേതര- ജനാധിപത്യകക്ഷികളുടെ ഐക്യം ശക്തിപ്പെടണമെന്ന കാഴ്ചപ്പാട് കണക്കിലെടുക്കുമ്പോൾ ഇവിടെ ഇടതുപക്ഷമാണ് അതിനു കൂടുതൽ ഫലപ്രദമെന്നു ബോധ്യപ്പെട്ടു. അതിനാൽ അവരുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുന്നുവെന്നാണ് സെക്രട്ടറി ജനറൽ ഷേഖ് പി. ഹാരിസ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നത്.