Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുൾപ്പെടെ വിദേശ വിദ്യാർഥികൾ ബ്രിട്ടന് നൽകുന്നത് 20 ബില്യൺ പൗണ്ട്

college-students

ലണ്ടൻ∙ കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ അകറ്റിനിർത്താൻ ശ്രമിക്കുന്ന ബ്രിട്ടിഷ് സർക്കാർ വർഷംതോറും ഇവരിൽനിന്നു നേടുന്നത് 20 ബില്യൺ പൗണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന ഈ സംഭാവന ഇല്ലാതായാൽ യൂണിവേഴ്സിറ്റികളുടെയും അവ സ്ഥിതിചെയ്യുന്ന പട്ടണങ്ങളുടെയും ബജറ്റ് താളം തെറ്റും. ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

ട്യൂഷൻ ഫീസിനു പുറമേ ഇവർ പഠനസ്ഥലത്തും താമസസ്ഥലത്തും ചെലവാക്കുന്ന തുകയും വലുതാണ്. ലണ്ടനിൽ മാത്രം 4.6 ബില്യൺ പൗണ്ടാണ് വിദേശ വിദ്യാർഥികളിൽനിന്നു ലഭിക്കുന്നത്. ഷെഫീൽഡാണ് ഈ കണക്കിൽ ഏറ്റവും മുന്നിലുള്ള നഗരം. വർഷംതോറും 2,30,000 വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ പഠിക്കാൻ എത്തുന്നുണ്ടെന്നാണ് എമിഗ്രേഷൻ വകുപ്പിന്റെ കണക്ക്. ചൈനീസ് വിദ്യാർഥികളാണ് കൂടുതൽ. തൊട്ടുതാഴെ ഇന്ത്യൻ വിദ്യാർഥികളും. ഭൂരിഭാഗവും ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ്. 

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നു വിദ്യാർഥികളെത്തുന്നതിനേക്കാൾ ഇരട്ടിയിലേറെ ലാഭമാണ് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽനിന്നു വിദ്യാർഥികളെത്തുമ്പോൾ യൂണിവേഴ്സിറ്റികൾക്ക് ലഭിക്കുന്നത്. ഫീസിനത്തിൽ ലഭിക്കുന്ന തുകയുടെ അന്തരമാണ് കാരണം. യൂറോപ്യൻ യൂണിയനു പുറത്തുള്ള വിദ്യാർഥി പഠനത്തിനായി എത്തുമ്പോൾ രാജ്യത്തിന് ചെലവാകുന്ന തുകയുടെ പത്തിരട്ടിയിലേറെയാണ് ഇവർ ഫീസായും ജീവിതച്ചെലവായും മുടക്കുന്ന തുകയിലൂടെ രാജ്യത്തിന് തിരിച്ചുകിട്ടുന്നത്.

ഈ വസ്തുത നിലനിൽക്കെയാണ് കുടിയേറ്റത്തിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റും അനുദിനം വീസ നിബന്ധനകൾ കർക്കശമാക്കുന്നത്. ഫാസ്റ്റ് ഫുഡ് ഡെലിവറി ഉൾപ്പെടെയുള്ള ചെറുകിട ജോലികൾ ചെയ്തും വിദ്യാർഥികൾ പണം കണ്ടെത്തുന്നുണ്ട്. ഷെഫീൽഡ് സെൻട്രൽ, ന്യൂകാസിൽ അപ്പോൺ ടൈൻ, നോട്ടിങാം സൗത്ത്, ഓക്സ്ഫഡ് ഈസ്റ്റ്, മാഞ്ചസ്റ്റർ സെൻട്രൽ, ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് (ലണ്ടൻ),  ലിവർപൂൾ ലിവർ സൈഡ്, കേംബ്രിജ്, ഈസ്റ്റ്ഹാം (ലണ്ടൻ), ബർമിങ്ങാം ലേഡിവുഡ് എന്നീ നഗരങ്ങളും പട്ടണങ്ങളുമാണ് വിദേശ വിദ്യാർഥികളെക്കൊണ്ട് ഏറ്റവുമധികം സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പ്രദേശങ്ങൾ.

related stories