Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണശേഷവും ഉഴവൂർ വിജയനെ വിമർശിച്ച് മാണി സി.കാപ്പൻ; ‘ജോക്കറെ’ന്നും പരാമർശം

Mani C. Kappen മാണി സി. കാപ്പൻ

കോട്ടയം∙ എൻസിപി സംസ്ഥാന അധ്യക്ഷൻ അന്തരിച്ച ഉഴവൂർ വിജയനെ അധിക്ഷേപിച്ചും വിമർശിച്ചും ദേശീയ നേതാവായ മാണി സി. കാപ്പൻ. ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഉഴവൂരിനെപ്പോലുള്ള ‘ജോക്കറെ’ പാർട്ടിക്ക് ആവശ്യമില്ല. മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടിൽ മാറ്റമില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാർട്ടിയെ നയിച്ചത്. ഉഴവൂര്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു.

ഉഴവൂർ വിജയൻ നിത്യരോഗിയായിരുന്നു. ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ? - വിജയനെ ഫോണില്‍ വിളിച്ച് കൊലവിളി നടത്തിയ പാർട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ച് മാണി സി. കാപ്പൻ ചോദ്യം ഇതാണ്. പാർട്ടി പ്രസിഡന്റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇതിനെയെല്ലാം ന്യായീകരിക്കാന്‍ മറ്റൊരു പ്രമുഖൻ രംഗത്തെത്തുന്നത്.

TP Peethambaran ടി.പി. പീതാംബരൻ

അതേസമയം, ഉഴവൂർ വിജയനെ അധിക്ഷേപിച്ച മാണി സി. കാപ്പൻ പരസ്യമായി മാപ്പു പറയണമെന്ന് എൻസിപി പ്രസിഡന്റ് ടി.പി. പീതാംബരൻ ആവശ്യപ്പെട്ടു. ജീവിച്ചിരുന്നപ്പോഴും ഉഴവൂരിനെ കാപ്പൻ ആക്ഷേപിച്ചിട്ടുണ്ട്. കാപ്പനെതിരായ നടപടി പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ടി.പി. പീതാംബരൻ പറഞ്ഞു.

Uzhavoor-Vijayan-2 ഉഴവൂർ വിജയൻ

എന്‍സിപി സംസ്ഥാനപ്രസിന്‍റായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് പുറമെ, ജോക്കർ എന്ന് മാണി സി. കാപ്പൻ പരസ്യമായി വിളിച്ചതും വിജയനെ തളർത്തിയതായുള്ള റിപ്പോർ‌ട്ടും പുറത്തുവന്നിരുന്നു. ഇതോടെ ഉഴവൂർ വിജയൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പാർട്ടി വേദികളിലും പുറത്തും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പരാതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് മാണി സി. കാപ്പന്‍ പഴയ ആക്ഷേപം വീണ്ടും ഉന്നയിക്കുന്നത്.