Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഗമൺ സിമി ക്യാംപ്: കൊടുംഭീകരൻ ‘തൗഖീർ’ ഡൽഹി പൊലീസ് പിടിയിൽ

Terrorist എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ അബ്ദുൽ സുബൈൻ ഖുറേഷി.

ന്യൂഡൽഹി∙ 2008 ലെ അഹമ്മദാബാദ് സ്ഫോടനക്കേസ് ഉൾപ്പെടെ രാജ്യത്ത് ഒട്ടേറെ തീവ്രവാദ കേസുകളിൽ പ്രതിയായ ഭീകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ മുജാഹിദീന്റെ സഹ സ്ഥാപകൻ അബ്ദുൽ സുബൈൻ ഖുറേഷിയെന്ന തൗഖീറിനെ ഏറ്റുമുട്ടലിനെത്തുടർന്നാണു പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽപ്പെടുന്ന കൊടുംഭീകരനാണ് തൗഖീർ. വാഗമൺസിമി ക്യാംപുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിൽ ഒരാളാണിയാൾ.

2007 സെപ്‌റ്റംബറിൽ ഒന്നിലേറെ തവണ തൃശൂരിൽ ഇയാൾ രഹസ്യ സന്ദർശനം നടത്തിയതായി കേന്ദ്ര ഇന്റലിജൻസ് അധികൃതർക്കു മുൻപു വിവരം ലഭിച്ചിരുന്നു. വാഗമൺ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യ ക്യാംപിൽ ഇയാൾ പങ്കെടുത്തതായും സൂചനയുണ്ടായിരുന്നു. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്കു നേരത്തെ എൻഐഎ നാലു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഖുറേഷി നിരവധി തീവ്രവാദ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്.

രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റ് നടത്തിയതെന്നു സ്പെഷൽ സെൽ ഡപ്യൂട്ടി കമ്മിഷണർ പി.എസ്. കുഷ്‌വ അറിയിച്ചു. കർണാടകയിലെ റിയാസ് ഭക്ടലിനും സിമിയുടെ ആത്തിഫ് അമീനുമൊപ്പമാണ് തൗഖീർ രാജ്യത്ത് സ്ഫോടനപരമ്പര നടത്തിയത്. ഗുജറാത്തിൽ 2008 ജൂലൈയിലും ഡൽഹിയിൽ അതേ വർഷം സെപ്റ്റംബറിലുമായിരുന്നു സ്ഫോടനങ്ങൾ. 70 മിനിറ്റിന്റെ ഇടവേളയിൽ ജൂലൈ 26ന് 21 ബോംബുകളാണ് അഹമ്മദാബാദിലും സൂറത്തിലുമായി പൊട്ടിയത്. 56 പേർ കൊല്ലപ്പെട്ടു. 200ൽ അധികംപേർക്കു പരുക്കേറ്റു.