Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാട് ദോഷം ചെയ്യും: കോൺഗ്രസ് ബന്ധത്തിൽ യച്ചൂരിയെ പിന്തുണച്ച് സിപിഐ

Binoy

ന്യൂഡൽഹി∙ കോൺഗ്രസ് ബന്ധത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി സിപിഐ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്നു ബിനോയ് വിശ്വം പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പൊതുവായ തന്ത്രം സിപിഐക്ക് ഇല്ല. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് അടവുനയം മാറുമെന്നും ബിനോയ് വിശ്വം മനോരമ ന്യൂസിനോടു പറഞ്ഞു.

ചൈന വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ബിനോയ് വിശ്വം തിരുത്തി. സോഷ്യലിസ്റ്റ് രാജ്യമാണെന്നു കരുതി ചൈനയോടും ഉത്തര കൊറിയയോടും അമിതമായ വിധേയത്വം പാടില്ല. ഇന്ത്യന്‍ മാതൃകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫില്‍ മാണിക്കു സ്ഥാനമില്ല. മാണിയെ കൂട്ടുപിടിച്ച് സിപിഐയെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. അത്തരക്കാര്‍ പുലര്‍ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല. മൂന്നുമുന്നണിയിലും കാലുവയ്ക്കുന്ന മാണിയെ അകറ്റി നിര്‍ത്തണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.