Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷണം തുടങ്ങി; സമരം തുടരുമെന്ന് ശ്രീജിത്ത്

Sreejith സഹോദരന്റെ കസ്റ്റഡിമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരമിരിക്കുന്ന ശ്രീജിത്ത്. (ഫയൽചിത്രം)

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേർക്കാതെ അസ്വാഭാവിക മരണത്തിനാണു കേസ്. എഫ്ഐആർ ഇന്നു കോടതിയിൽ സമർപ്പിക്കുന്നതോടെ അന്വേഷണ നടപടികൾ തുടങ്ങും. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തി ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ അറിയിച്ചു. എന്നാൽ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നാണു ശ്രീജിത്ത് പറയുന്നത്.

കേസ് ഏറ്റെടുക്കാൻ തയാറാണെന്നു ഹൈക്കോടതിയിൽ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശ്രീജിവിന്റെ മരണത്തിൽ പാറശാല പൊലീസ് 2014ൽ റജിസ്റ്റർ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് എഫ്ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം. വർക്കിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

അന്വേഷണം സിബി​െഎയ്ക്കു​ കൈമാറുന്നതായുള്ള ഉത്തരവു കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്. കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ അറിയിക്കുംവരെ സമരം തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജിത്ത് പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടു പല ഉറപ്പുകളും സർക്കാരിൽനിന്നു കിട്ടിയെങ്കിലും ഒരാളെപ്പോലും നിയമത്തിനു മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ തെളിവുകളും പൊലീസ് നശിപ്പിച്ചു. അതിനാൽ സിബിഐ അന്വേഷണത്തിൽ എന്തുനടക്കുമെന്നു നോക്കാമെന്നാണു ശ്രീജിത്ത് പറയുന്നത്.

സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെയാണു ശ്രീജിവിന്റെ കസ്റ്റഡി മരണം വീണ്ടും സജീവ ചർച്ചയായത്​. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തി​െൻറ അമ്മ രമണി ഗവർണറെ കണ്ടു നിവേദനം നൽകുകയും കോൺഗ്രസ്​ – ബിജെപി നേതാക്കൾ സിബിഐ അന്വേ​ഷണമാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടർന്നാണു സിബിഐ കേസ് എറ്റെടുക്കുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്.