Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ഡൽഹിയിൽ ഈ മാസം 29 വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുത്: ഹൈക്കോടതി

Arvind Kejriwal

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ 20 ആംആദ്മി (എഎപി) എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. കമ്മിഷന്റെ നടപടിക്കെതിരെ എഎപി എംഎൽഎമാർ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ആർ. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭാഗം കേൾക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രപതിയും വേഗത്തിൽ തീരുമാനമെടുക്കുകയായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയത്.

20 എംഎൽഎമാരെ അയോഗ്യരാക്കി ശുപാർശ ചെയ്തതിനു പിന്നാലെ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തിൽ വാദങ്ങൾ നിലനിൽക്കില്ലെന്നതിനാലാണു ഹർജി പിൻവലിച്ചു പുതിയതു സമർപ്പിച്ചത്. 

അതേസമയം, ഹർജിയിൽ തുടർവാദം കേൾക്കുന്ന ഈ മാസം 29 വരെ ഡൽഹിയിലെ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനു നിർദ്ദേശം നൽകി. 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഫെബ്രുവരി ആറിനു മുൻപു വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്തത്. പിന്നാലെ രാഷ്ട്രപതി ഇത് അംഗീകരിച്ചു. 2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടുവരെ, ഈ എംഎൽഎമാർ പാർലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ് അയോഗ്യതയ്ക്കു കാരണമായത്. ഇക്കൂട്ടത്തിൽപ്പെട്ട ആറ് എംഎൽഎമാർ കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ച ഹർജി കോടതിയിൽ നിലവിലുണ്ട്.

related stories