Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ പറയുന്നത് ശരിയല്ല; അണ്ടർ 17 ലോകകപ്പ് സംഘാടനം തീരെ മോശം: ഫിഫ

fifa-seppy

ന്യൂഡൽഹി ∙ വിജയകരമായി നടത്തിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി അണ്ടർ 17 ലോകകപ്പ് ഡയറക്ടർ ഹവിയർ സെപ്പി രംഗത്ത്. പല വേദികളിലും താരങ്ങൾ വസ്ത്രം മാറാനെത്തുന്ന സമയത്ത് ‌ഡ്രസിങ് റൂമുകളിൽ എലികൾ ഓടിക്കളിക്കുന്നത് താൻ കണ്ടെന്ന് സെപ്പി വ്യക്തമാക്കി. താരങ്ങളുടെയും ആരാധകരുടെയും കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ സംഘാടകർക്ക് സാധിച്ചില്ലെന്നും സെപ്പി ആരോപിച്ചു.

ഇന്ത്യയുടെ സംഘാടന സമിതി ഒട്ടും ശ്രദ്ധ ചെലുത്താതെ പോയ മേഖലകൾ നിരവധിയുണ്ട്. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാൻ ആർക്കും സമയമില്ലായിരുന്നു. പലയിടങ്ങളിലും താരങ്ങൾ എലികൾ ഓടിക്കളിക്കുന്ന സ്ഥലത്തൊക്കെയാണ് വസ്ത്രം മാറിയിരുന്നത് – സെപ്പി പറഞ്ഞു. ഫുട്ബോൾ വ്യവസായവുമായി ബന്ധപ്പെട്ടുള്ള അഞ്ചാമത് രാജ്യാന്തര കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അർഥത്തിലും ടൂർണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇന്ത്യയിലുള്ളവർ പറയുന്നത്. എന്നാൽ, ഈ ടൂർണമെന്റ് വിജയകരമായിരുന്നില്ല എന്നാണ് ഒരു ആരാധകനെന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം. അതാണ് സത്യവും – സെപ്പി പറഞ്ഞു.

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മൽസരങ്ങൾക്ക് സാക്ഷികളാകാൻ സാധിച്ചതാണ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് കൊണ്ടുണ്ടായ ഏക മെച്ചം. ഇവിടുത്തെ ഫുട്ബോൾ ലീഗുകൾക്ക് അണ്ടർ 17 ലോകകപ്പിന്റെ നിലവാരം പോലുമില്ലല്ലോയെന്നും സെപ്പി കൂട്ടിച്ചേർത്തു.

11–ാം മണിക്കൂറിൽ പോലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയിൽ ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സെപ്പി ചൂണ്ടിക്കാട്ടി. ഇത്തരം ടൂർണമെന്റുകൾക്കുള്ള ഒരുക്കം ഇന്ത്യയിൽ അവസാന മിനിറ്റിലാണ് പൂർത്തിയാകുന്നതെന്നും സെപ്പി വിമർശിച്ചു.

related stories