Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് 10 ലക്ഷം നൽകുമെന്ന് മന്ത്രിസഭ, ഭാര്യയ്ക്ക് ജോലി

Sam-Abraham വീരമൃത്യു വരിച്ച സാം ഏബ്രഹാം.

തിരുവനന്തപുരം ∙ കശ്മീരിൽ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നൽകാൻ മന്ത്രിസഭാ തീരുമാനം. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്‍റെ കുടുംബത്തിനാണു പത്തുലക്ഷം രൂപ നൽകുക. ഭാര്യയ്ക്കു വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

∙ ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന് (ബിടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീര്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കും. ഇതിനു വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

∙ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതില്‍ സിഎജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍റെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥന്‍ കമ്മിഷന്‍റെ കാലാവധിയും ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.

∙ തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എൻജിനീയറിങ് വിഭാഗം എന്നീ സര്‍വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സർവീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. 

∙ ഹരിപ്പാട്ട്  സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതു നടപ്പാക്കുന്നതിന്, കമ്പനിയുടെ ഓഹരി വിഹിതം 40 കോടിയില്‍ നിന്ന് 80 കോടി രൂപയായി വർധിപ്പിച്ചുകൊണ്ട് 2015 ഡിസംബറില്‍ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. 

∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയില്‍നിന്ന് അപേക്ഷകന്‍റെ അക്കൗണ്ടിലേക്കു മാറ്റുന്നതിനു നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. തീപിടിത്ത കേസുകളില്‍ ഉണ്ടാകുന്ന നഷ്ടത്തിന് നിലവില്‍ അനുവദിക്കാവുന്ന പരമാവധി തുക 10,000 രൂപയാണ്. ഇതില്‍ ആനുപാതികമായ വർധനവ് വരുത്തും.

∙ പൊലീസ് സേനയില്‍ ഇന്‍സ്പെക്റായി നിയമിതനായ ദേശീയ നീന്തല്‍ താരം സജന്‍ പ്രകാശിന് 2020-ലെ ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനുളള പരിശീലനത്തിന് നിലവിലുളള ചട്ടങ്ങളില്‍ ഇളവു നല്‍കി ശൂന്യവേതന അവധി നല്‍കാന്‍ തീരുമാനിച്ചു.