തിരുവനന്തപുരം∙ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്ക് സമ്മാനിച്ചത് നാലുകോടി രൂപയുടെ നഷ്ടം. കോർപറേഷന്റെ പ്രതിദിന ശരാശരി കലക്ഷന്‍ 6.25 കോടിരൂപയാണ്. ഡീസല്‍ ഇനത്തില്‍ ചെലവ് മൂന്നു കോടിരൂപ.
മോട്ടോർവാഹന പണിമുടക്കു നടന്ന ബുധനാഴ്ച രാവിലെ 191 കെഎസ്ആർടിസി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തിപ്പിച്ചത് 728 ബസുകളും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടം നാലുകോടി വരുമെന്ന നിഗമനത്തില്‍ കോര്‍പ്പറേഷന്‍ എത്തിച്ചേര്‍ന്നത്. പണിമുടക്കു ദിവസമായ ബുധനാഴ്ചയിലെ കലക്‌ഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിക്കുമ്പോള്‍ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ.
കെഎസ്ആർടിസിയുടെ ആകെ ജീവനക്കാരായ 22,665 പേരിൽ ബുധനാഴ്ച ആകെ ജോലിക്കെത്തിയത് 6593 പേർ മാത്രം. ഇവരിൽ ആകെയുള്ള സ്ഥിര ജീവനക്കാർ 18,402 ആണ്. പണിമുടക്കുദിനത്തിൽ എത്തിയത് 5117 പേർ മാത്രം. ആകെയുള്ള 4623 താത്കാലിക ജീവനക്കാരിൽ 1476 പേർ ജോലിക്കെത്തി. അവധിക്ക് അപേക്ഷിക്കാതിരുന്നത് 903 ജീവനക്കാർ.
പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഇങ്ങനെ:
ഹാജര്‍നില: 29.9%
ചൊവ്വാഴ്ച രാത്രി മുതല്‍ പ്രവര്‍ത്തിപ്പിച്ച ആകെ ബസുകള്‍: 919
ചൊവ്വാഴ്ച രാത്രി മാത്രം പ്രവര്‍ത്തിപ്പിച്ചത്: 728
ബുധനാഴ്ച രാവിലെ പ്രവര്‍ത്തിപ്പിച്ചത്: 191
മൂന്ന് ബെംഗളൂരു വണ്ടികള്‍ (സ്കാനിയ) റദ്ദാക്കി