Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പബ്ലിക്ക് ദിനത്തിൽ അഭിമാനമായി അണ്ടർ 19 ക്രിക്കറ്റ് ടീം; ലോകകപ്പ് സെമിയിൽ

India-U-19-Team ഇന്ത്യൻ അണ്ടർ 19 ടീമംഗങ്ങൾ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു.

ക്വീൻസ്റ്റൺ∙ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വിലപിടിപ്പുള്ളൊരു സമ്മാനവുമായി ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം. ന്യൂസീലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ബംഗ്ലദേശിനെ 131 റൺസിന് തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ സെമിയിലെത്തി. ബാറ്റിങ്ങിലെ അപ്രതീക്ഷിത പാകപ്പിഴയ്ക്ക് ബോളിങ്ങിലും ഫീൽഡിങ്ങിലും പരിഹാരം ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശം. ബദ്ധവൈരികളായ പാക്കിസ്ഥാനാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകൾ ബാക്കി നിൽക്കെ 265 റൺസിന് പുറത്തായപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറിൽ 134 റൺസിൽ അവസാനിച്ചു. അർധസെഞ്ചുറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശർമയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ (94 പന്തിൽ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗർകോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവർ ബോളിങ്ങിലും അഭിഷേക് ശർമയ്ക്കൊപ്പം ടീമിന്റെ വിജയശിൽപികളായി.

266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 75 പന്തിൽ മൂന്നു ബൗണ്ടറികളോടെ 43 റൺസെടുത്ത ഓപ്പണർ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ആഫിഫ് ഹുസൈൻ (40 പന്തിൽ 18), മുഹമ്മദ് നയീം (22 പന്തിൽ 12), ക്യാപ്റ്റൻ സയീഫ് ഹുസൈൻ (23 പന്തിൽ 12), മഹീദുൽ ആൻകോൻ (22 പന്തിൽ 10) നയീം ഹസൻ (29 പന്തിൽ 11), റോബിയുൽ ഹഖ് (ഒൻപത് പന്തിൽ 14) എന്നിവരാണ് ബംഗ്ലദേശ് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ.

ബാറ്റിങ്ങിൽ അപ്രതീക്ഷിത തിരിച്ചടി

കിരീടപ്രതീക്ഷ ഉയർത്തി കുതിക്കുന്ന ഇന്ത്യ ബംഗ്ലദേശിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ അപ്രതീക്ഷിതമായാണ് 265 റൺസിന് പുറത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇന്നിങ്സ് അവസാനിക്കാൻ നാലു പന്തുകൾ ബാക്കി നിൽക്കെ 265 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ (94 പന്തിൽ 86), അഭിഷേക് ശർമ (49 പന്തിൽ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ പൃഥ്വി ഷാ 54 പന്തിൽ 40 റൺസെടുത്ത് പുറത്തായി. ബംഗ്ലദേശിനായി ഖാസി ഓനിക് മൂന്നു നയീം ഹസൻ, സയ്ഫ് ഹസൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം മധ്യനിര ബാറ്റ്സ്മാൻമാരുടെ കരുത്തിൽ തിരിച്ചടിച്ച ഇന്ത്യ, അവസാന ഓവറുകളിൽ റൺ നിരക്കുയർത്താനുള്ള ശ്രമത്തിൽ ഇടറി വീഴുകയായിരുന്നു. 43.2 ഓവറിൽ നാലിന് 215 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ആറു വിക്കറ്റുകൾ 50 റൺസിനിടെയാണ് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത പൃഥ്വി ഷാ–ശുഭ്മാൻ ഗിൽ സഖ്യവും മൂന്നാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്ത ഗിൽ–ദേശായി സഖ്യവുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ദേശായി 48 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 34 റൺസെടുത്തു.

94 പന്തിൽ ഒൻപതു ബൗണ്ടറി ഉൾപ്പെടുന്നതാണ് ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറി. 49 പന്തുകൾ നേരിട്ട അഭിഷേക് ശർമ ആറു ബൗണ്ടറികളോടെ 50 റൺസും നേടി. അതേസമയം, മൻജോത് കൽറ (13 പന്തിൽ ഒൻപത്), റയാൻ പരാഗ് (22 പന്തിൽ 15), നാഗർകോട്ടി (ആറ് പന്തിൽ അഞ്ച്), അനുകൂൽ റോയ് (രണ്ട് പന്തിൽ രണ്ട്), ശിവം മാവി (നാലു പന്തിൽ അഞ്ച്), ശിവാ സിങ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ഇഷാൻ പോറെൽ പുറത്താകാതെ നിന്നു.

related stories