Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഷമ ഇടപെട്ടു; യുഎഇയിൽ ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടൻ

Atlas Ramachandran അറ്റ്‍ലസ് രാമചന്ദ്രൻ.

കോഴിക്കോട് ∙ യുഎഇയിൽ തടവിൽ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണു മോചനത്തിനു വഴിയൊരുങ്ങിയത്. രാമചന്ദ്രനെതിരെ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേസു കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കും.

അതേസമയം, യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെത്തന്നെ താമസിച്ചു കടംവീട്ടാമെന്നാണ് ഉറപ്പ്. ഇതുമായി ബന്ധപ്പെട്ടു വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണു ദുബായ് കോടതി രാമചന്ദ്രനെ ശിക്ഷിച്ചത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയതാണു ശിക്ഷയ്ക്കു കാരണം. ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം തടവിലാണ്.

പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പരാതി നല്‍കിയിരുന്നു. രാമചന്ദ്രന്റെ പ്രായവും മറ്റു കേസുകളില്‍ പ്രതിയാകാത്തതും അനുകൂലമായി. ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍മോചിതനാകുമെന്നാണു റിപ്പോർട്ട്. ബാധ്യത തീര്‍ക്കാനുള്ള സ്വത്തുക്കള്‍ രാമചന്ദ്രനുണ്ടെന്നു സത്യവാങ്മൂ‌ലത്തിൽ പറയുന്നു. പ്രശ്നപരിഹാരത്തിനു യുഎഇയിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലേക്കു വരുമെന്നാണ് റിപ്പോർട്ട്.

രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും രാമചന്ദ്രന്റെ വിവരങ്ങൾ കുമ്മനം കൈമാറി. തുടർന്നാണു കേന്ദ്ര സർക്കാർ ഇടപെട്ടത്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറാമെന്നു ബാങ്കുകള്‍ അറിയിക്കുകയായിരുന്നു.