Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ബഷീറിനു പുനർനിയമനം നൽകണമെന്നു കോടതി; നിർദേശം നൽകിയില്ലെന്നു സർക്കാർ

saji-basheer

കൊച്ചി ∙ സിഡ്കോ മുൻ എംഡി സജി ബഷീറിനു പുനർനിയമനം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സിംഗിൾബെഞ്ച് നൽകിയ മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവ്യൂ ഹർജി തള്ളിക്കൊണ്ടാണിത്. നേരത്തെ, ക്രമക്കേട് ആരോപിച്ചു സജി ബഷീറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

സർക്കാർ നിയന്ത്രിത കമ്പനിയുടെ എംഡിയാക്കിയതു സ്ഥിരനിയമനമാണെന്ന തെറ്റിദ്ധാരണയിലാണു സജി ബഷീർ കോടതിയെ സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു റിവ്യൂ ഹർജി നൽകിയത്. മാതൃസ്ഥാപനത്തിലെ സേവനം അവസാനിപ്പിച്ചാണു സിഡ്കോ എംഡിയായി ഡപ്യൂട്ടേഷനിൽ നിയമിച്ചതെന്നും ഹർജിയിലുണ്ട്.

ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്തുള്ള സജി ബഷീറിനെ സർക്കാരിന്റെ പ്രധാന പദവികളിൽ നിയമിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സർക്കാർ വാദം. നേരത്തേ കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണു സർക്കാർ ഇപ്പോൾ ഉന്നയിക്കുന്നതെന്നും ഹർജി നിലനിൽക്കില്ലെന്നും സജി ബഷീറിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. അതേസമയം സജി ബഷീറിനു നിയമനം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നു സർക്കാർ വ്യക്തമാക്കി‌. കെല്‍പാം എംഡി സ്ഥാനത്തു നിന്നു നീക്കിയ സർക്കാർ നടപടി നിലനിൽക്കുമെന്നാണു സർക്കാർ നിലപാട്.

സിഡ്കോ എംഡിയായിരിക്കെ നടത്തിയ അഴിമതിയടക്കം ഒട്ടേറെ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സജി ബഷീര്‍. ഇ.പി.ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവായതും വ്യവസായ വകുപ്പിലെ തന്നെ കെല്‍പാമിന്റെ എംഡിയായി തിരിച്ചെടുത്തതും.

പുനർനിയമനം വിവാദമായതോടെ കെൽപാം എംഡി സ്ഥാനത്തുനിന്നും സർക്കാർ സജി ബഷീറിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള ഉത്തരവ്.