Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം: പണം ‘ഒളിപ്പിക്കാൻ’ ശ്രമിച്ചവർക്ക് പിടിവീഴും; 2 ലക്ഷം പേർക്ക് നോട്ടിസ്

AFP_IB7J5

ന്യൂഡൽഹി∙ നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാൻ ആദായ നികുതി വകുപ്പ്. കണക്കിൽപ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവർക്കെതിരെയാണ് വകുപ്പിന്റെ നോട്ടിസ്. രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം പേർക്കാണ് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്.

2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കൽ. ആ സമയം ചില അക്കൗണ്ടുകളിൽ വൻതുകയെത്തിയിരുന്നു. അവയ്ക്ക് റിട്ടേണും ഫയൽ ചെയ്തിരുന്നില്ല. ഇവർക്കാണ് ഇക്കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി നോട്ടിസ് അയച്ചത്. എന്നാൽ ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരിൽ ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. ഇവർക്കെതിരെ കനത്ത ശിക്ഷാനടപടികളുണ്ടാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) ചെയർമാൻ സുശിൽ ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെയാണു നടപടി.

ആദായനികുതിവകുപ്പിൽ ഡിജിറ്റൽവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും സുശിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇ–അസസ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വകുപ്പ്. ഓൺലൈനായി നികുതി ഫയൽ ചെയ്യാനുൾപ്പെടെ പരീക്ഷണാടിസ്ഥാനത്തിൽ ഇ–അസെസ്മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അതു കൂടുതൽ വ്യാപിപ്പിക്കുമെന്നും സുശിൽ പറഞ്ഞു.

related stories