Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ അപകീർത്തിപ്പെടുത്താൻ സാധ്യത; ദിലീപിനു ദൃശ്യങ്ങൾ നൽകില്ലെന്നു കോടതി

dileep-ep നടൻ ദിലീപ്.

അങ്കമാലി∙ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിനു നൽകില്ലെന്ന് അങ്കമാലി കോടതി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിനു നൽകിയാൽ പുറത്തുപോകാനും നടിയെ അപകീർത്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താരവേളയിൽ െതളിയിക്കാനായി ദൃശ്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണു ദിലീപ് കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ കോടതി, കേസ് വിചാരണയ്ക്കായി എറണാകുളം സെഷൻസ് കോടതിക്കു കൈമാറി. ദൃശ്യങ്ങൾക്കായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു വിവരം.

മുഖ്യപ്രതി സുനിൽകുമാറെന്ന പൾസർ സുനിയടക്കം എട്ടു പ്രതികളാണു കേസ് കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നത്. ‘ഞാനിവിടെ കിടക്കും, കാശുള്ളവൻ രക്ഷപെട്ടു പോകും’– വിധികേട്ടു പുറത്തെത്തിയ സുനി മാധ്യമങ്ങളോടു പറഞ്ഞു. പൊലീസ് നൽകിയ സിഡിയിൽ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നു ദൃശ്യങ്ങൾ പരിശോധിച്ചശേഷം ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.

ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തെ സംബന്ധിച്ചു പൊലീസ് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഈ ശബ്ദം ആരുടേതെന്നു പരിശോധിക്കണം. പുരുഷ, സ്ത്രീ ശബ്ദം ഉണ്ടെന്ന വിവരംപോലും പൊലീസ് നൽകിയ രേഖകളിലില്ല. ദൃശ്യങ്ങളിലെ ശബ്ദം ആരുടേതാണെന്നോ സ്ത്രീ ശബ്ദം പരാതിക്കാരിയുടേതാണെന്നോ പ്രതിഭാഗം പറഞ്ഞിട്ടില്ലെന്നു ഹർജി പരിഗണിക്കവെ ദിലീപ് നിലപാടെടുത്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ നൽകാനാകില്ലെന്ന നിലപാടിൽ പൊലീസും പ്രോസിക്യൂഷനും ഉറച്ചുനിൽക്കുകയായിരുന്നു. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം തെളിവുകൾ കഴിഞ്ഞദിവസം കോടതി വഴി ദിലീപിനു കൈമാറിയിരുന്നു.

related stories