Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമ കർഷകശ്രീ കാർഷികമേളയ്ക്കു തൊടുപുഴയിൽ തുടക്കം

karshakasree തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മലയാള മനോരമ കർഷകശ്രീ കാർഷിക മേളയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാധ്യക്ഷ സഫിയാ ജബ്ബാർ നിർവഹിക്കുന്നു. മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് കെ.ലാൽ ജോൺ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ.വിൻസന്റ് നെടുങ്ങാട്ട്, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ എന്നിവർ സമീപം. ചിത്രം: അരവിന്ദ് ബാല.

തൊടുപുഴ∙ കാർഷിക സംസ്കാരത്തിന്റെ ഈറ്റില്ലത്തിലേക്ക് ആദ്യമായി വിരുന്നെത്തിയ മലയാള മനോരമ കർഷകശ്രീ കാർഷികമേളയ്ക്കു തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ പ്രൗഡഗംഭീര തുടക്കം. ഇനി നാലു നാൾ മലയോര മണ്ണിൽ കാർഷിക മഹോൽസവം. മണ്ണിനോടു പടവെട്ടി ജീവിതം പടുത്തുയർത്തിയ അധ്വാനശീലരുടെ നാട്ടിലെത്തിയ കാർഷിക മേളയ്ക്കു ആദ്യദിനം വൻ ജനത്തിരക്ക്.

കാർഷികകേരളം കാത്തിരുന്ന കർഷകശ്രീ കാർഷികമേളയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാധ്യക്ഷ സഫിയാ ജബ്ബാർ നിർവഹിച്ചു. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. മലയാള മനോരമ ഫോട്ടോഗ്രഫർമാർ പകർത്തിയതും കർഷകശ്രീ നടത്തിയ ഫൊട്ടോഗ്രാഫി മൽസരത്തിനെത്തിയ ചിത്രങ്ങളും കോർത്തിണക്കിയ വാർത്താചിത്ര പ്രദർശനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് കെ. ലാൽ ജോൺ, കർഷകശ്രീ അസി.എഡിറ്റർ ടി.കെ. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. കാർഷിക മേഖലയിൽ പുത്തൻ കണ്ടുപിടിത്തങ്ങളിൽക്കൂടി നേട്ടം കൊയ്ത ഇടുക്കി ജില്ലയിലെ പ്രമുഖ കർഷകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. രാവിലെ നടന്ന ‘സുഗന്ധവിള–റബർ വിലത്തകർച്ച: ബദൽ മാർഗങ്ങൾ, മൂല്യവർധന മുതൽ ഫാം ടൂറിസം വരെ’ സെമിനാർ റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ല ആദ്യമായാണു കർഷകശ്രീ കാർഷിക മേളയ്ക്കും പുരസ്കാര സമർപ്പണത്തിനും വേദിയാകുന്നത്. കേരളത്തിലെ ഏറ്റവും മികച്ച കാർഷിക പ്രതിഭയ്ക്കുള്ള മലയാള മനോരമയുടെ കർഷകശ്രീ – 2018 പുരസ്കാരം പാലക്കാട് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം കുളയ്ക്കാട്ടുകുറിശ്ശി പുളിക്കത്താഴെ സ്വപ്ന ജയിംസിനു 10ന് നാലിനു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സമ്മാനിക്കും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായിരിക്കും.

150ൽപ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കാർഷികരംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും മേളയുടെ പ്രത്യേകതയാണ്. കാർഷികരംഗത്തെ പുതിയ പ്രവണതകളെ പരിചയപ്പെടാനും മേളയിൽ അവസരമുണ്ടാകും. എല്ലാ ദിവസവും വൈകിട്ടു കലാപരിപാടികളുണ്ട്. മേള 11ന് സമാപിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് ഒൻപതു വരെയാണു സമയം. പ്രവേശനം സൗജന്യം.