Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധാരണ സൈനിക പരേഡിന് ട്രംപ്; ഇത് കിമ്മിന് എതിരായ യുദ്ധകാഹളമോ?

Us-Army-Us-military യുഎസ് സൈന്യം (ഫയൽ ചിത്രം: എഎഫ്പി)

വാഷിങ്ടൻ∙ യുഎസ് ചരിത്രത്തിലെ അസാധാരണ സൈനിക പ്രദർശനത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ശക്തി വിളിച്ചോതുന്ന വൻ പരേഡിന് തയാറാകാനാണ് പെന്റഗണിനോട് ട്രംപിന്റെ നിർദ്ദേശം. രാജ്യത്തിന്റെ സൈനിക ശക്തിയിൽ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വ്യാഖ്യാനം.

അതേസമയം, ഉത്തര കൊറിയയുമായുള്ള വാക്പോര് യുദ്ധത്തിന്റെ സൂചന നൽകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ തീരുമാനമെന്നത് ആശങ്ക വർധിപ്പിക്കുന്നു. യുദ്ധത്തിനുള്ള മുന്നൊരുക്കമാണ് ഇതെന്നും അഭ്യൂഹമുണ്ട്. എന്നാൽ ഫ്രാൻസിന്റെ ദേശീയ ദിനത്തിനു കണ്ട സൈനിക പരേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്.

ഉത്തരകൊറിയയ്ക്കൊപ്പം ഇന്ത്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം വർഷത്തിലൊരിക്കൽ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ യുഎസിൽ ഇത്തരമൊരു പതിവില്ല. മാത്രവുമല്ല സാധാരണഗതിയിൽ യുദ്ധങ്ങൾക്ക് അവസാനം കുറിച്ചാണ് യുഎസ് ഇത്തരത്തിലുള്ള പരേഡുകൾ നടത്താറുള്ളത്.

ഇതിനു മുൻപ് യുഎസ് സൈനിക പരേഡ് നടത്തിയത് 27 വർഷങ്ങൾക്കു മുൻപ് വാഷിങ്ടൻ ഡിസിയിലാണ്. 1991ൽ ഗൾഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിട്ടും ഇത്തരമൊരു പരേഡ് നടത്താൻ സാധിക്കാത്തതിലെ നിരാശ നേരത്തേ പ്രതിരോധ സെക്രട്ടറിയും സൈനികത്തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് പ്രകടിപ്പിച്ചിരുന്നു.

ഫ്രാൻസിന്റെ ദേശീയ ദിനത്തിനു കണ്ടത് ലോകത്തിലെ ഏറ്റവും മികച്ച സൈനിക പരേഡുകളിലൊന്നാണെന്നാണു ട്രംപ് വിശദീകരിച്ചത്. ഫ്രഞ്ച് ജനതയുടെ ആത്മവീര്യം കൂട്ടുന്നതായിരുന്നു ആ പരേഡ്. അത്തരത്തിൽ ഓരോ വർഷവും യുഎസിലും പരേഡ് സംഘടിപ്പിക്കാനാകുമോ എന്ന് ജനുവരി 18ലെ യോഗത്തിൽ പ്രതിരോധ വകുപ്പിനോട് ട്രംപ് ചോദിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പരേഡിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്നും പ്രതിരോധ വകുപ്പ് വക്താവ് തോമസ് ക്രോസൺ അറിയിച്ചു. അതേസമയം ഇത്തരമൊരു നീക്കത്തിന് യുഎസിൽ സമ്മിശ്ര പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് യുഎസിലെ മുൻനിര ദിനപത്രമായ ‘വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ദേശീയത, പട്ടാളഭരണം തുടങ്ങിയവയിൽ ഈ നീക്കം പുതിയ ചർച്ചകൾക്കു വഴിവയ്ക്കും. രാജ്യത്തലവന്മാരുടെ ‘പ്രമാണിത്ത’ ഭരണത്തെ പ്രകീർത്തിച്ച് ട്രംപ് നേരത്തേ നടത്തിയ പരാമർശങ്ങളും നിലവിലെ സാഹചര്യത്തിൽ പുതുചർച്ചകൾക്കു വഴി തെളിക്കുമെന്ന് ദിനപത്രം ലേഖനത്തിൽ സൂചിപ്പിച്ചു.