Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്തയിൽ അടിപതറി ബ്ലാസ്റ്റേഴ്സ്; എടികെയ്ക്കെതിരെ 2–2ന് സമനില

ISL എടികെയ്ക്കെതിരെ ഗോൾ നേടിയ ദിമിതർ ബെർബറ്റോവ് സഹതാരങ്ങൾക്കൊപ്പം. ചിത്രം– ഐഎസ്എൽ

കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊല്‍ക്കത്തയിൽ ഇതുവരെ എടികെയെ പരാജയപ്പെടുത്തിയിട്ടില്ലെന്ന ബ്ലാസ്റ്റേഴ്സിന്റെ ചീത്തപ്പേര് മാറുന്നില്ല. സീനിയര്‍ താരം ദിമിതർ ബെർബറ്റോവ് ഗോൾ നേടിയിട്ടും എടികെ– ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ കലാശിച്ചു (2–2). ഗുയോൺ ബാൽവിൻസൺ (36), ദിമിതർ ബെർബറ്റോവ് (55) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

കൊൽക്കത്തയ്ക്കായി റയാൻ ടെയ്‍ലര്‍ (38), ടോം തോർപ്പെ (78) എന്നിവരും വലകുലുക്കി. മൽസരത്തിൽ രണ്ടു തവണ ലീഡെടുത്തിട്ടും സമനില വഴങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. മൂന്നു പോയിന്റുകളോടെ പോയിന്റു പട്ടികയിൽ നാലാമതെത്താമെന്ന ബ്ലാസ്റ്റേഴ്സ് മോഹം ഇന്നത്തെ സമനിലയിലൂടെ പൊലിഞ്ഞു.

Berba എടികെയ്ക്കെതിരെ ഗോൾ നേടിയ ദിമിതർ ബെർബറ്റോവ്. ചിത്രം– ഐഎസ്എൽ

ആദ്യ മിനിറ്റുകളിൽ എടികെ പോസ്റ്റിൽ തുടർച്ചയായ ആക്രമണങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ബെർബറ്റോവിന്റെയും ജാക്കീയുടെയും മികച്ച നീക്കങ്ങളിലൂടെ എടികെ പോസ്റ്റിൽ ബ്ലാസ്റ്റേഴ്സ് അപകടം വിതച്ചു. ഗുയോൺ ബാൽവിൻസണിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ലീഡെടുത്തത്. എന്നാൾ ഗോൾ നേടിയതിന്റെ ആഘോഷം കഴിഞ്ഞ് മിനിറ്റുകൾക്കപ്പുറത്ത് എടികെയുടെ മറുപടി കാത്തിരിപ്പുണ്ടായിരുന്നു. റയാൻ ടെയ്‍ലറിന്റെ വകയായിരുന്നു ഇത്. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞതോടെ നിർണായകമായ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 55–ാം മിനിറ്റിൽ ബെർബറ്റോവിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് നേടിയെങ്കിലും അതും നിലനിർത്താൻ മഞ്ഞപ്പടയ്ക്കായില്ല. 74–ാം മിനിറ്റിൽ എടികെ വീണ്ടും തിരിച്ചടിച്ചു. 80–ാം മിനിറ്റിൽ ബെർബയെ പിൻവലിച്ച് സഹൽ അബ്ദു സമദിനെ ഇറക്കിയതു മാത്രമാണ് ബ്ലാസ്റ്റേഴ്സ് എടുത്ത ഏക സബ്സ്റ്റിറ്റ്യൂഷൻ.

ISL എടികെയ്ക്കെതിരെ ഗോൾ നേടിയ ഗുഡ്യോൺ ബാൽവിൻസന്റെ ആഹ്ലാദം. ചിത്രം– ഐഎസ്എൽ

മൂന്നാം ഗോൾ നേടുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ മൽസരം സമനിലയിൽ കലാശിച്ചു. മൽസരത്തിൽ കറേജ് പെക്കൂസൺ ഒട്ടേറെ അവസരങ്ങൾ പാഴാക്കി കളഞ്ഞതും സമനിലയിലേക്കു വഴിയൊരുക്കി. മറ്റുള്ളവർക്കു പന്തു നൽകുന്നില്ലെന്ന് പെക്കൂസണെതിരെ ഗ്രൗണ്ടിൽ വച്ചു തന്നെ ബെർബറ്റോവ് പ്രതികരിക്കുകയും ചെയ്തു.

ആദ്യ ഗോൾ വന്ന വഴി: 36ാം മിനിറ്റിൽ മൽ‌സരത്തിലെ ആദ്യ ഗോളെത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത് ഗുയോൺ ബാൽവിൻസൺ. മലയാളി താരം കെ. പ്രശാന്തിന്റെ ഷോട്ട് തലകൊണ്ട് എടികെ പോസ്റ്റിലേക്കു തട്ടിയിട്ടാണ് ബാൽവിൻസൺ ഐഎസ്എൽ കരിയറിലെ ആദ്യ ഗോൾ കുറിച്ചത്.

തിരിച്ചടിച്ച് എടികെ: ബ്ലാസ്റ്റേഴ്സ് ഗോളടിച്ച് നാലു മിനിറ്റു മാത്രം കഴിയുമ്പോള്‍ എടികെ തിരിച്ചടി നൽകി. റയാൻ ടെയ്‍ലറിന്റെ വകയായിരുന്നു എടികെയുടെ ഗോള്‍. ബോക്സിനു പുറത്ത് നിന്നും പന്തെടുത്ത ടെയ്‍ലർ നെടുനീളൻ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സുഭാശിഷ് റോയ്ക്ക് പിടിച്ചെടുക്കാനുള്ള സാധ്യതകളൊന്നുമുണ്ട‍ായിരുന്നില്ല. ആദ്യ പകുതിയിൽ മല്‍സരം സമനിലയിൽ.

ISL എടികെയ്ക്കെതിരായ മൽസരത്തിൽ വെസ്ബ്രൗൺ

ബെർബറ്റോവിന്റെ ഗോൾ: 55–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. ആരാധകർ വിശ്വസിച്ചപോലെ എടികെയ്ക്കെതിരെ ബെർബയുടെ ഗോള്‍ വന്നു. ഫൗള്‍കിക്കെടുത്ത ജാക്കീ ചന്ദ് സിങ്ങിൽ നിന്നു പന്ത് ലാകിക് പെസിച്ചിലേക്ക്. രണ്ടാമതൊന്നാലോചിക്കാതെ ബെർബ പന്ത് എടികെ വലയിലേക്കു തട്ടിയിട്ടു. ഐഎസ്എല്ലിൽ ബെർബറ്റോവിന്റെ ആദ്യ ഗോള്‍ കൂടിയാണ് ഇന്നത്തേത്.

കൊൽക്കത്തയുടെ ഗോൾ: 74–ാം മിനിറ്റിൽ എടികെ സമനില ഗോൾ നേടി. റയാൻ ടെയ്‍ലറിന്റെ അസിസ്റ്റിൽ പന്ത് ടോം തോർപ്പെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സുഭാശിഷ് റോയി പന്തു പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. എടികെ വീണ്ടും സമനില പിടിച്ചു. 2–2ൽ മത്സരത്തിന് അവസാനം.