Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വിപണിയില്‍ ‘അധാർമിക’ ഇടപെടൽ; ഗൂഗിളിന് ഭീമൻ പിഴ വിധിച്ച് സിസിഐ

google

ന്യൂഡൽഹി∙ ഇന്റർനെറ്റ് സേർച്ചിങ്ങിലെ ആഗോള ഭീമൻ ഗൂഗിളിന് ഇന്ത്യയിൽ വൻ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു ചുമത്തിയത്. ഓൺലൈൻ സേർച്ചിങ്ങിൽ ഇന്ത്യൻ വിപണിയിൽ ചില അധാർമിക നടപടികൾക്കു ഗൂഗിൾ ശ്രമിച്ചെന്നും സിസിഐ വ്യക്തമാക്കി. തിരച്ചിൽ ഫലങ്ങൾ നൽകുന്നതിൽ ഉൾപ്പെടെ ഗൂഗിള്‍ പക്ഷപാതം കാണിക്കുന്നെന്ന വിവിധ കമ്പനികളുടെ പരാതിയിലാണു തീരുമാനം. ഓൺലൈൻ സേർച്ചിങ്ങിൽ തങ്ങളുടെ ആധിപത്യം തുടരാനായി ചില മോശം പ്രവണതകൾക്ക് ഗൂഗിൾ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു. പരാതികളിൽ കഴമ്പുണ്ടെന്നു കണ്ടാണ് സിസിഐ പിഴ ശിക്ഷ. 

വിവിധ രാജ്യങ്ങളിൽ ഗൂഗിളിനെതിരെ സമാനമായ പരാതികളുണ്ട്. എന്നാൽ അപൂർവമായേ ഇപ്പോൾ ലഭിച്ചതു പോലെ പിഴശിക്ഷാ നടപടികൾ ഉണ്ടാകാറുള്ളൂ. സംഭവത്തിൽ സിസിഐ ഉന്നയിച്ചത് നിസ്സാര വിഷയമാണെന്നും ഇക്കാര്യത്തിൽ തങ്ങളുടെ തുടർനടപടി വൈകാതെ വ്യക്തമാക്കുമെന്നും ഗൂഗിൾ വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ മാത്രമേ കമ്പനി കൊണ്ടു വന്നിട്ടുള്ളൂവെന്നും ഗൂഗിൾ അവകാശപ്പെട്ടു. 

ഗൂഗിളിനെതിരെയുള്ള പരാതിയിൽ സിസിഐ ഡയറക്ടർ ജനറൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പ്രകാരം ചില കാര്യങ്ങളിൽ കമ്മിഷൻ പ്രത്യേക ശ്രദ്ധ നൽകി. തിരച്ചിൽ ഫലങ്ങൾ നൽകുന്നതിൽ ഗൂഗിൾ പക്ഷപാതം കാണിച്ചോ, പരസ്യം നൽകുന്നവരുമായി അംഗീകരിക്കാൻ സാധിക്കാത്ത വ്യവസ്ഥകൾ ഉണ്ടായിരുന്നോ, കമ്പനിയുടെ വ്യവസ്ഥകൾ ഗൂഗിളിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തിലുള്ളവയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സിസിഐ പ്രധാനമായും പരിഗണിച്ചത്. 2012ലാണ് ഗൂഗിളിനെതിരെ മാട്രിമോണി ഡോട്ട് കോമും കൺസ്യൂമർ യൂണിറ്റ് ആൻഡ് ട്രസ്റ്റ് സൊസൈറ്റിയും പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണ റിപ്പോർട്ട് കമ്മിഷൻ അംഗങ്ങൾ പരിശോധിച്ചു. 

ഓൺലൈൻ സേർച്ചിങ്ങിൽ ഒന്നാം സ്ഥാനക്കാരെന്ന പദവി ഗൂഗിൾ വിപണി ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നാണു കണ്ടെത്തൽ. ഇതു പ്രകാരം ഇന്റർനെറ്റിലെ തിരച്ചിലിൽ വേർതിരിവു കാണിച്ചു. ഗൂഗിളിന് താത്പര്യമുള്ള തിരച്ചിൽ ഫലങ്ങൾ മാത്രം നൽകി. ഇന്ത്യൻ വിപണിയിലെ അവസ്ഥയാണ് ഇക്കാര്യത്തിൽ സിസിഐ പരിഗണിച്ചത്. വെബ് സേർച്ച് സേവനങ്ങളിലും ഓൾലൈൻ സേർച്ച് അഡ്വർടൈസിങ് സേവനങ്ങളിലുമായിരുന്നു പ്രധാനമായും ശ്രദ്ധ. റിപ്പോർട്ടിന്മേൽ ഗൂഗിളും വിശദീകരണം നൽകിയിരുന്നു. ഗൂഗിളിന്റെ വാദങ്ങളെല്ലാം പരിഗണിച്ചെങ്കിലും പിഴ വിധിക്കാനായിരുന്നു തീരുമാനമെന്നും കമ്മിഷൻ വ്യക്തമാക്കി. 

കമ്മിഷൻ ചെയർപേഴ്സനും മൂന്ന് അംഗങ്ങളുമാണ് ഗൂഗിളിനു പിഴ ശിക്ഷ നൽകണമെന്നു നിർദേശിച്ചത്. എന്നാൽ കോംപറ്റീഷൻ ആക്ടിലെ നാലാം വകുപ്പ് ഗൂഗിൾ ലംഘിച്ചിട്ടില്ലെന്നു രണ്ട് അംഗങ്ങൾ വ്യക്തമാക്കി. ഭൂരിപക്ഷാഭിപ്രായത്തിൽ നടപടി അംഗീകരിക്കുകയായിരുന്നു. വിപണിയിലെ ഒന്നാംസ്ഥാനം കമ്പനി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാലാം വകുപ്പ്. 2013, 2014, 2015 സാമ്പത്തിക വർഷങ്ങളിലായി ഗൂഗിളിന് ഇന്ത്യയിലെ വിവിധ ബിസിനസുകളിൽ നിന്നു ലഭിച്ച വരുമാനത്തിന്റെ അഞ്ചു ശതമാനമെന്ന കണക്കിലാണ് പിഴത്തുകയായി 135.86 കോടി രൂപ വിധിച്ചത്. 

സാങ്കേതിക മേഖലയിലുണ്ടാകുന്ന ഏതു പുതിയ മാറ്റവും കൃത്യതയോടെ, ശ്രദ്ധയോടെ നടപ്പാക്കണമെന്ന് കമ്മിഷൻ പറഞ്ഞു. അല്ലാത്ത പക്ഷം എന്തിനു വേണ്ടിയാണോ ആ മാറ്റം കൊണ്ടു വന്നത് ആ ഗുണഫലം ഉപയോക്താക്കൾക്കു ലഭിക്കാതെയാകും. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കു തന്നെ ഇത്തരത്തിലുള്ള ‘ശ്രദ്ധയില്ലായ്മ’ കോട്ടമുണ്ടാക്കുമെന്നും സിസിഐ ഉത്തരവില്‍ നിരീക്ഷിച്ചു.