Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ ഇടപെടൽ; മൂന്നാറിൽ പതിനഞ്ചുകാരിയുടെ വിവാഹം ഒഴിവായി

Wedding Wedding

മൂന്നാർ∙ ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ സമയോചിത ഇടപെടലിൽ മൂന്നാറിൽ പതിനഞ്ചുകാരിയുടെ വിവാഹം ഒഴിവായി. ബൈസൺവാലി ചൊക്രമുടി ആദിവാസി സെറ്റിൽമെന്റിലെ പെൺകുട്ടിക്ക് ഇവരുടെ ബന്ധുവും വട്ടവട സ്വാമിയാർഅള കുടി നിവാസിയുമായ ഇരുപത്തേഴുകാരനുമായുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്.

ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം അടുത്ത ദിവസം തന്നെ വിവാഗം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ, ചടങ്ങുകളുടെ ഭാഗമായി പെൺകുട്ടിയെ വരൻ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ് അന്നു തന്നെ ചൈൽഡ്‌ലൈൻ പ്രവർത്തകരായ ജോൺ എസ്. എഡ്വിൻ, ആർ. ജാൻസി എന്നിവർ വട്ടവട സ്വാമിയാർഅള കുടിയിൽ യുവാവിന്റെ വീട്ടിലെത്തി.

ഇവർ ആവശ്യപ്പെട്ടപ്രകാരം പെൺകുട്ടിയുടെ രക്ഷിതാക്കളും സ്ഥലത്തെത്തി. അവിടുത്തെ ഊരുകാണിയുടെ സാന്നിധ്യത്തിൽ ഇരുകൂട്ടരുമായി സംസാരിക്കുകയും പെൺകുട്ടിക്കു പ്രായപൂർത്തിയാകാതെ വിവാഹം നടത്തില്ലെന്ന് വരനിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തു.

ചൈൽഡ്‌ലൈനിന്റെ ആവശ്യപ്രകാരം പെൺകുട്ടിയുടെ മാതാപിതാക്കളും ഇന്നലെ മൂന്നാറിലെ ചൈൽഡ്‌ലൈൻ ഓഫിസിലെത്തി 18 വയസ് പൂർത്തിയാകാതെ മകളുടെ വിവാഹം നടത്തില്ലെന്ന് രേഖാമൂലം എഴുതിനൽകി. അതിർത്തി മേഖലയിലെ തമിഴ്, ആദിവാസി, വംശജർ ഭൂരിപക്ഷമുള്ള വട്ടവട പഞ്ചായത്തിൽ കൗമാര വിവാഹങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് ഇവിടുത്തെ ആദിവാസി ഊരുകളിൽ ഇത്തരം വിവാഹങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനുള്ള തയാറെടുപ്പിലാണ് ചൈൽഡ്‌ലൈൻ പ്രവർത്തകർ.