Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പാർ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷൻ; സംഘപരിവാർ നീക്കത്തിനു തിരിച്ചടി

Dr-Chandrasekhar-Kambar ചന്ദ്രശേഖര കമ്പാർ

ന്യൂഡൽഹി∙ കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാർ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷൻ. സംഘപരിവാർ പിന്തുണയോടെ മൽസരിച്ച പ്രതിഭാറായി പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകൾക്കാണു കമ്പാറിന്റെ ജയം. അക്കാദമിയിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ സംഘപരിവാർ സജീവമാക്കിയിരുന്നു. എന്നാൽ കമ്പാറിന്റെ വിജയം ബിജെപിക്കും സംഘപരിവാറിനുമുള്ള തിരിച്ചടിയായിട്ടാണു വിലയിരുത്തപ്പെടുന്നത്.

പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോക്ടര്‍ അജിത് കുമാര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലില്‍ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ നിന്ന് ആര് ഭരണസമിതിയിലെത്തും എന്ന തീരുമാനവും തിരഞ്ഞെടുപ്പിലൂടെയാകാനാണു സാധ്യത. രാഷ്ട്രീയ ഭിന്നതയാണു കാരണം. സമവായത്തിലൂടെ മുതര്‍ന്ന അംഗം ഭരണസമിതിയിലെത്താറാണു പതിവ്.

ചന്ദ്രശേഖര കമ്പാർ

കന്നഡ ഭാഷയിലെ പ്രശസ്തനായ കവിയും നാടകകൃത്തും നോവലിസ്റ്റുമാണ്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം (2010), പത്മശ്രീ, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്.

സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും ശ്രദ്ധേയന്‍. കന്നട സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ, നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റി ചെയർമാൻ, കർണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.