Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണത്തരികൾ കണ്ട് കുഴിച്ചു നോക്കി; രാജസ്ഥാനെ ഞെട്ടിച്ച് ടൺകണക്കിന് ‘നിധി’

Gold Representative Image

ജയ്പുർ∙ ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികൾ... അധികമാർക്കും മനസ്സിലായില്ല ഇതെങ്ങനെ അവിടെയെത്തിയെന്ന്. പലരും കുഴിച്ചു നോക്കി. ഒന്നും കണ്ടെത്താനായില്ല. എന്തായാലും സംഭവം അറിഞ്ഞ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) അധികൃതർ ഒരു കാര്യം ഉറപ്പിച്ചു– മേഖലയിൽ സ്വർണം, ചെമ്പ് നിക്ഷേപങ്ങൾക്കു സാധ്യതയുണ്ട്. അങ്ങനെ സർവേ ആരംഭിച്ചു. ഊഹം തെറ്റിയില്ല, രാജസ്ഥാനില്‍ ഭൂമിക്കടിയിൽ ഒളിച്ചിരിക്കുന്നത് വൻ സ്വർണ നിക്ഷേപം.

Read the story in English

11.48 കോടി ടൺ സ്വർണത്തിന്റെ നിക്ഷേപമാണു ജയ്പുരിൽ തിരിച്ചറിഞ്ഞത്. സ്വർണം മാത്രമല്ല, ചെമ്പും ഈയവും സിങ്കും ഉൾപ്പെടെ അമൂല്യധാതുക്കളുടെ വൻശേഖരമാണ് രാജസ്ഥാന്റെ ഭൗമാന്തർ ഭാഗത്ത് ഒളിച്ചിരിക്കുന്നത്. 300 മീറ്റർ താഴെയാണ് സ്വർണ നിക്ഷേപമുള്ളത്. എന്നാൽ ഇതു ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം നിലവിൽ അധികൃതരുടെ കൈവശമില്ല. അതിനാൽത്തന്നെ പുത്തൻ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം.

ബൻസ്വാര, ഉദയ്പുർ നഗരങ്ങളിലാണ് വൻതോതിൽ സ്വർണ നിക്ഷേപം തിരിച്ചറിഞ്ഞത്. ശിക്കാർ ജില്ലയിലും സ്വർണത്തിന്റെ സാന്നിധ്യത്തെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ബില്വാരയിലും പരിശോധന തുടരുകയാണ്. ജയ്പുർ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈയവും സിങ്കുമുള്ളത്. ആദ്യഘട്ടത്തിൽ സ്വർണവും ചെമ്പും ഖനനം ചെയ്യാനാണു നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾക്കു തുടക്കമിട്ടതായി ജിഎസ്ഐ ഡയറക്ടർ ജനറൽ എൻ. കുടുംബ റാവു മാധ്യമങ്ങളോടു പറഞ്ഞു. സികർ ജില്ലയിലാണ് നിലവിൽ പര്യവേക്ഷണങ്ങൾ നടക്കുന്നത്.

മേഖലയിൽ പരിശോധന നടത്തിയ ഭൗമശാസ്ത്ര വിദഗ്ദരുടെ നിരീക്ഷണ പ്രകാരം 3.5 കോടി ടണ്‍ ഈയവും സിങ്കും രാജ്പുര–ദാരിബ ഖനികളിലുണ്ട്. രാജസ്ഥാനിൽ മാത്രം 81 കോടി ടണ്ണിന്റെ ചെമ്പ് നിക്ഷേപമുണ്ടെന്നാണു കരുതുന്നത്. ഇതുവരെ എട്ടു കോടി ടൺ ചെമ്പ് കുഴിച്ചെടുത്തിട്ടുമുണ്ട്.

നിലവിൽ കർണാടക, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ പ്രധാനമായും സ്വർണ ഖനനമുള്ളത്. ഫലത്തിൽ രാജസ്ഥാന് അപ്രതീക്ഷിതമായി ലഭിച്ച ‘നിധി’യായിരിക്കുകയാണ് ജിഎസ്ഐയുടെ കണ്ടെത്തൽ.