Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയകളുടെ ‘കുടുംബ നയതന്ത്രം’ ; സംശയദൃഷ്ടിയോടെ ജപ്പാനും യുഎസും

Kim Jong Un, Moon Jae-in ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ

സോൾ∙ കൊറിയൻ യുദ്ധത്തോടെ പിരിഞ്ഞുപോയ കുടുംബങ്ങൾക്ക് ഒത്തുചേരാൻ കൂടുതൽ അവസരങ്ങളൊരുക്കുമെന്ന് ദക്ഷിണകൊറിയ. ശീതകാല ഒളിംപിക്സിനിടെ ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധത്തിനു ഊഷ്മളത പകർന്ന നടപടികൾക്കു പിന്നാലെ ഇരുകൊറിയകളും തമ്മിൽ ഉന്നതതല യോഗത്തിന് അരങ്ങൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് ദക്ഷിണ കൊറിയയുടെ പുതിയ നീക്കം. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങുൾപ്പെടെയുള്ള പ്രത്യേക സംഘം ദക്ഷിണ കൊറിയയിൽ മൂന്നു ദിവസം സന്ദർശനം നടത്തി മടങ്ങിയിരുന്നു.

ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയയിലേക്കു ക്ഷണിക്കുകയും ചെയ്താണ് സംഘം സോൾ വിട്ടത്. അത്തരമൊരു കൂടിക്കാഴ്ച നടന്നാൽ അത് ഒരു ദശാബ്ദക്കാലത്തിനിടെ ആദ്യമായിട്ടായിരിക്കും. ഇരുകൊറിയകളുടെയും നേതാക്കൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത് 2007ലാണ്.

ബന്ധം മെച്ചപ്പെടുത്താനുള്ള ഉത്തര കൊറിയയുടെ താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു ദക്ഷിണകൊറിയൻ ഐക്യകാര്യ മന്ത്രാലയം വ്യക്തമാക്കി. സഹകരണത്തിന് ആവശ്യമെങ്കിൽ അപ്രതീക്ഷിതവും മികവുറ്റതുമായ തീരുമാനമെടുക്കാനും ഉത്തരകൊറിയയ്ക്ക് സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു. ആണവ പരീക്ഷണങ്ങളിലുൾപ്പെടെ ഉത്തര കൊറിയയുടെ നിലപാടുകൾ സഹകരണത്തിന്റെ ഭാഗമായി അയയുമെന്നാണ് ദക്ഷിണ കൊറിയയുടെ പ്രതീക്ഷ.

പ്യോങ്ചാങിലെ ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയൻ സംഘം പങ്കെടുത്തതിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം അറിയിച്ചു‍. അതേസമയം ഉത്തര കൊറിയ സന്ദർശിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങിവരേണ്ടതുണ്ടെന്നു പ്രസിഡന്റ് മൂൺ ജെ ഇന്‍ പ്രതികരിച്ചു. 

ഐക്യമുണ്ടാകുമ്പോൾ അതിനു രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കൂടി വേണം. എന്നാൽ രാജ്യാന്തരതലത്തിൽ ഉത്തര കൊറിയയ്ക്കെതിരെയുള്ള ഉപരോധങ്ങളെ പിന്തുണയ്ക്കുന്നതായും ദക്ഷിണ കൊറിയ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ ജപ്പാനും യുഎസും സംശയ ദൃഷ്ടിയോടെയാണു കാണുന്ന‌ത്.

കൊറിയൻ യുദ്ധത്തോടെ രണ്ടു വഴികളിലായ കുടുംബങ്ങൾ നേരത്തെയും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും കുടുംബങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ദക്ഷിണ കൊറിയയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായിരുന്നു. കൊറിയൻ പെനിൻസുലയിൽ 1950–53ലുണ്ടായ സംഘർഷത്തിനു ശേഷം ഇരുകൊറിയകളും തമ്മിൽ ‘ശീതയുദ്ധ’ത്തിലാണ്. അന്നു വെടിനിർത്തലിലൂടെയാണ് സംഘർഷം അയഞ്ഞത്. ഒരു ഉടമ്പടി ഇല്ലാതിരുന്നതിനാൽത്തന്നെ ഇപ്പോഴും മേഖലയിൽ പരസ്പരമുള്ള പ്രകോപനം പതിവാണ്.