Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽശാലയിലെ പൊട്ടിത്തെറി: കാരണം വാതക ചോർച്ച; മരിച്ച 5 പേരും മലയാളികൾ

Cochin Shipyard കൊച്ചി കപ്പല്‍ശാലയിൽ പൊട്ടിത്തെറിയുണ്ടായ സാഗർ ഭൂഷൺ കപ്പൽ. കൊല്ലപ്പെട്ട കണ്ണൻ, ജയൻ, ഗെവിൻ, റംഷാദ്, ഉണ്ണികൃഷ്ണൻ എന്നിവർ ഇൻസെറ്റിൽ.

കൊച്ചി ∙ കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മലയാളികള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതിൽ ജെവിൻ റെജി, കൊച്ചി മൈനാഞ്ചി മുക്ക് കുറുപ്പശേരി പുത്തൻവീട്ടിൽ കെ.ബി. ജയൻ, തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് വീട്ടിൽ സി.എസ്. ഉണ്ണിക്കൃഷ്ണൻ, എരൂർ വെളിയിൽ മഠത്തിപ്പറമ്പിൽ എം.വി. കണ്ണൻ, വൈപ്പിൻ മാലിപ്പുറം പള്ളിപ്പറമ്പിൽ എം.എം. റംഷാദ് എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കു പരുക്കേറ്റു. ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്. വാതക ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

Shipyard Kochin കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് പരുക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് പുറത്തേക്കു പോകുന്നു. ചിത്രം: മനോരമ

ഒഎൻജിസിയുടെ സാഗർഭൂഷൺ എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിലായിരുന്നു പൊട്ടിത്തെറി. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികൾ പോകുന്നതിനു മുൻപ് ഒന്‍പതേകാലോടെ കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു കൊച്ചി ഷിപ്‌യാർ‍ഡ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിക്കും. സംഭവത്തെക്കുറിച്ചു ത്രിതല അന്വേഷണം നടത്തുമെന്നും കപ്പൽശാല സിഎംഡി: മധു എസ്. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

NP Dinesh കപ്പൽശാലയിലെ അപകടത്തെപ്പറ്റി മാധ്യമ പ്രവർത്തകരോടു വിവരിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ്.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ കപ്പൽ കഴിഞ്ഞ 25 വർഷമായി കൊച്ചിൻ കപ്പൽശാലയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കപ്പലിന്റെ ‘സ്ഥിരത’ നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിൽ വെൽഡിങ്ങിനിടെയായിരുന്നു അപകടമെന്നാണു സൂചന. ടാങ്കറില്‍ പുതിയ സ്റ്റീൽ പ്ലേറ്റുകൾ വെൽ‍‍‍ഡിങ് മെഷീൻ ഉപയോഗിച്ചു മുറിച്ചു ചേർക്കുന്നതിനിടെ വാതകച്ചോർച്ചയുണ്ടായതാകാം അപകടകാരണമെന്നു സിഎംഡി പറഞ്ഞു. സ്ഫോടന സ്വഭാവമില്ലാത്തതാണു ടാങ്ക്. വാതക ചോർച്ചയുണ്ടാകാതെ പൊട്ടിത്തെറിക്കു സാധ്യതയില്ല. എന്താണു സംഭവിച്ചതെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Kochin Shipyard Sagar Bhushan കൊച്ചി കപ്പല്‍ശാലയിൽ പൊട്ടിത്തെറിയുണ്ടായ സാഗർ ഭൂഷൺ കപ്പൽ. ചിത്രം: മനോരമ

ഷിപ്‌യാർഡ് ഒാപറേഷൻസ് ഡയറക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കപ്പൽശാല ആഭ്യന്തര അന്വേഷണം നടത്തും. പുറമേ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ്ങും അന്വേഷണം നടത്തും. കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണു കപ്പൽശാല പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ ടാങ്കറിൽ വാതകം ഇല്ലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുരക്ഷാപരിശോധനാ നടത്തി ഉറപ്പാക്കാറുണ്ട്. ഇതിൽ എന്തെങ്കിലും വീഴ്ച വന്നോയെന്നു പരിശോധിക്കും.

അറ്റകുറ്റപ്പണിക്കായി ഡിസംബർ ഏഴിനാണു കപ്പൽ എത്തിച്ചത്. ജനുവരി 12 മുതൽ ഡ്രൈഡോക്കിലായിരുന്നു ജോലികൾ. 28 ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി മടങ്ങാനാണ് നിശ്ചയിച്ചിരുന്നതെന്നും സിഎംഡി അറിയിച്ചു.

പൊട്ടിത്തെറിയെത്തുടർന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേർ കപ്പലിൽ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണർ അറിയിച്ചു. ‌‌കൊല്ലപ്പെട്ടവരിർ ഒരാൾ മാനേജ്മെന്റ് നേരിട്ട് രണ്ടു വർഷത്തേക്കെടുക്കുന്ന ഓൺ കോൺട്രാക്ട് തൊഴിലാളിയാണ്, മറ്റൊരാൾ കരാർ തൊഴിലാളിയും. മൂന്നു പേർ അഗ്നിശമന വിഭാഗത്തിലെ തൊഴിലാളികളാണ്.

തൊഴിലാളികളുടെ മരണത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. കപ്പൽശാല സിഎംഡിയുമായി ഗഡ്കരി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജിത രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

അതീവ സുരക്ഷ വേണ്ടുന്ന പ്രവർത്തനമായാണ് രാജ്യാന്തര തലത്തിൽതന്നെ കപ്പൽ അറ്റകുറ്റപ്പണിയെ കാണുന്നത്. അത്തരത്തില്‍ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി സിഎംഡി പറയുന്നു. 1994 ലാണ് ഇതിനു മുൻപ് കപ്പൽ അറ്റകുറ്റപ്പണിക്കിടെ കൊച്ചിൻ ഷിപ്‌യാർഡിൽ അപകടമുണ്ടായത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.