Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബിന്റെ മരണകാരണം പൊലീസിന്റെ നിഷ്ക്രിയത്വം: പ്രതിഷേധിച്ച് കോൺഗ്രസ്

oommen-chandy-chennithala-and-sudheeran

തിരുവനന്തപുരം ∙ മട്ടന്നൂരിലെ കെഎസ്‌‌യു–എസ്എഫ്ഐ തർക്കത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഎം-–ബിജെപി സംഘട്ടനത്തിലേക്ക് കോണ്‍ഗ്രസിനെക്കൂടി വലിച്ചിഴച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഷുഹൈബിന്റെ ക്രൂരമായ കൊലപാതകമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിലൂടെയാണ് പ്രതികരണം അറിയിച്ചത്.

അതേസമയം, ഇടതു ഭരണത്തിനു കീഴില്‍ ചുവപ്പ് ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. സിപിഎം ആയുധം താഴെവയ്ക്കാതെ കൊലപാതക രാഷ്ട്രീയത്തിനു പരിഹാരമില്ലെന്നും രമേശ് ചെന്നിത്തല ചെന്നൈയില്‍ പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.എം. സുധീരൻ‌ ആവശ്യപ്പെട്ടു.

മട്ടന്നൂർ മേഖലയിലുണ്ടായിരുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്. 

കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റു രണ്ടു വര്‍ഷം തികയും മുൻപേ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 22 പേരാണു മരിച്ചത്. സംസ്ഥാനത്ത് പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനു കഴിയുന്നില്ല. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്നും  ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു. 

അതേസമയം, കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ അതിദാരുണവും നിഷ്ഠൂരവുമായ കൊലപാതകമെന്ന് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മും ബിജെപിയും അഴിച്ചുവിട്ട സംഘർഷം നാടിന്റെ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്.

നിയമം നടപ്പിലാക്കാൻ ബാധ്യതയുള്ള ജില്ലാ ഭരണകൂടവും പൊലീസും മാർക്സിസ്റ്റ് പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങി കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ നടക്കുന്ന കൊലപാതങ്ങൾ കണ്ട് നിശബ്ദനായിരിക്കുന്നത് അപമാനകരമാണെന്നും ഭരണപരാജയം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.