Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരഞ്ജനത്തിന്റെ പാത മുന്നോട്ടു കൊണ്ടുപോകണം: സമാധാന സൂചന നൽകി കിം

kim-jong-un കിം ജോങ് ഉൻ

പ്യോങ്യോങ്∙ ഇപ്പോൾ തുറന്നിരിക്കുന്ന അനുരഞ്ജനത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകണമെന്ന ആഹ്വാനവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ശീതകാല ഒളിംപിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയുമായി ഉത്തര കൊറിയ ഇപ്പോൾ ഒത്തുതീർപ്പിന്റെ പാതയിലാണ്. ആണവ ബോംബും മിസൈൽ പരീക്ഷണങ്ങളും കൊണ്ട് ഉത്തര കൊറിയ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ പ്യോങ്ചാങ്ങിൽ ശീതകാല ഒളിംപിക്സ് നടത്തുന്ന ദക്ഷിണ കൊറിയയെ അഭിനന്ദിച്ചു കിം രംഗത്തെത്തിയതോടെ ഇരു കൊറിയകളും തമ്മിൽ ‘മഞ്ഞുരുകൽ’ ആരംഭിച്ചിരുന്നു.

കിമ്മിന്റെ ‘മഞ്ഞുരുക്കൽ നയ’ത്തിനു ചുക്കാൻ പിടിച്ചു ശീതകാല ഒളിംപിക്സിനു സംഘാംഗങ്ങളുമായെത്തിയതു സഹോദരി കിം യോ ജോങ് ആയിരുന്നു. അതിനിടെ, ഉത്തര കൊറിയയുമായി ചർച്ച നടത്താൻ യുഎസും തയാറാണെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വ്യക്തമാക്കി. ഗെയിംസ് വേദിയിൽനിന്നു വാഷിങ്ടനിലേക്കു പറന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പരാമർശമാണ് ഇതിനാധാരം. ‘ചർച്ച വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച ചെയ്യാം’ – വാഷിങ്ടൻ പോസ്റ്റിനു നൽകിയ പ്രസ്താവനയിൽ മൈക്ക് പെൻസ് പറഞ്ഞിരുന്നു.

അതേസമയം, ഒളിംപിക്സിൽ ഉത്തര കൊറിയയുടെ പ്രാതിനിധ്യം ‘പ്രത്യേക മുൻഗണനയോടെ’ ഉറപ്പുവരുത്തിയ ദക്ഷിണ കൊറിയയ്ക്ക് കിം നന്ദി അറിയിച്ചതായി രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലെ ‘അനുരഞ്ജനത്തിന്റെയും ചർച്ചകളുടെയും’ കാലാവസ്ഥ തുടരണമെന്നതിനുള്ള ‘പ്രധാനപ്പെട്ട നിർദേശങ്ങളും’ കിം നൽകിയിട്ടുണ്ട്.

moon-jae-in-kim-yo-jong ഒളിംപിക്സ് മൽസരങ്ങൾ വീക്ഷിക്കുന്ന കിം യോ ജോങ്ങും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും.

ഉത്തര കൊറിയയുടെ ‘ഒളിംപിക്സ് നയതന്ത്രം’

1950കളിലെ കൊറിയൻ യുദ്ധത്തിനുശേഷം ഉത്തര കൊറിയയിൽനിന്നു ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന പ്രധാനപ്പെട്ട ഭരണനേതൃത്വം അടങ്ങുന്ന സംഘമാണു കിമ്മിന്റെ സഹോദരി കിം യോ ജോങ്ങും സെറിമോണിയൽ ഹെഡ് ഓഫ് സ്റ്റേറ്റ് ആയ കിം യോങ് നാമും അടങ്ങിയവർ. ഇരു രാജ്യങ്ങളും ഇതുവരെ സമാധാന കരാർ എഴുതിയിട്ടില്ല. മാത്രമല്ല, നിരന്തരമായി പരസ്പരം അവിശ്വാസം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ദക്ഷിണ കൊറിയയിലെത്തിയ കിം യോ ജോങ് പ്രസിഡന്റ് മൂണിന് ഒരു കത്തു നൽകി. മൂണിനെ ഉത്തര കൊറിയയിലേക്കു ക്ഷണിച്ചുകൊണ്ട് ഉൻ എഴുതിയ കത്തായിരുന്നു അത്. ആ ഉച്ചകോടി നടക്കുകയാണെങ്കിൽ ഒരു ദശാബ്ദത്തിലെ ആദ്യ യോഗമായി ഇതു മാറും. അതിനിടെ, ജോങ്ങിന്റെ സന്ദർശനവും വിവാദം സൃഷ്ടിച്ചിരുന്നു. ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎൻ ഉപരോധം നേരിടുന്നയാളാണ് ജോങ്. എന്നാൽ നിഖൂഢ ഭരണകൂടത്തിന്റെ മനുഷ്യമുഖമായാണ് ജോങ്ങിനെ ‘ഒളിംപിക്സ് നയതന്ത്രം’ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

mike-pence-kim-yong-nam-kim-yo-jong യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും അദ്ദേഹത്തിന്റെ പിന്നിലെ വരിയിൽ ഇരിക്കുന്ന കിം യോ ജോങ്ങും കിം യോങ് നാമും.

യുഎസ് നിലപാട്

ശീതകാല ഒളിംപിക്സിനെത്തിയ യുഎസ് ൈവസ് പ്രസിഡന്റ് മൈക്ക് പെൻസ് പക്ഷേ, ഉപരോധം തുടരുന്ന കാര്യമാണ് അടിവരയിട്ടു പറഞ്ഞത്. ഉത്തര കൊറിയയെ അണ്വായുധ വിമുക്തമാക്കണമെന്ന നിലപാടിൽനിന്നു പിന്നാക്കം പോയിട്ടില്ലെന്നാണു പെൻസ് വാഷിങ്ടൻ പോസ്റ്റിനോടു പറഞ്ഞത്. അതിനാൽ പരമാവധി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പെൻസും ജോങ്ങും ഒരു വേദിയിൽ ഒരുമിച്ചെത്തിയെങ്കിലും ഇരുവരും തമ്മിൽ സംസാരിച്ചില്ല. പെൻസ് ഇരുന്നതിന്റെ ഒരു റോ പിന്നിലായായിരുന്നു ജോങ്ങിന്റെ ഇരിപ്പിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.