Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടനയിച്ച് മിതാലി; ട്വന്റി20യിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ പെൺപട

Mithali-Raj ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടിയ മിതാലി രാജ്.

പൊച്ചെഫ്സ്ട്രൂം ∙ ഏകദിന പരമ്പര നേട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതിയ ഇന്ത്യൻ വനിതകൾക്ക് ട്വന്റി20 പരമ്പരയിലും വിജയത്തുടക്കം. പൊച്ചെഫ്സ്ട്രൂമിൽ നടന്ന ആദ്യ മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യൻ വനിതകൾ വിജയത്തിലെത്തി. അർധസെഞ്ചുറി നേടി മുന്നിൽനിന്ന് നയിച്ച മിതാലി രാജാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഒന്നാം വിക്കറ്റിൽ സ്മൃതി മന്ഥനയ്ക്കൊപ്പം 47 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് തുടക്കമിട്ട മിതാലി രാജ്, മൂന്നാം വിക്കറ്റിൽ ജെന്നി റോഡ്രിഗസിനൊപ്പം 69 റൺസിന്റെയും പിരിയാത്ത നാലാം വിക്കറ്റിൽ വേദ കൃഷ്ണമൂർത്തിക്കൊപ്പം 52 റൺസിന്റെയും കൂട്ടുകെട്ടു തീർത്താണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 48 പന്തുകൾ നേരിട്ട മിതാലി, ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 54 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഏകദിനത്തിൽ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സ്മൃതി മന്ഥന 15 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 28 റൺസെടുത്തു. വണ്‍ഡൗണായി ബാറ്റിങ്ങിന് ഇറങ്ങിയ ഹർമൻപ്രീത് കൗർ മാത്രമെ ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയുള്ളൂ. ഹർമൻ ഒരു പന്തുപോലും നേരിടും മുൻപ് റണ്ണൗട്ടായി.

ഹർമൻപ്രീത് പെട്ടെന്നു പുറത്തായശേഷം മിതാലിക്ക് മികച്ച പിന്തുണ നൽകിയ റോഡ്രിഗസ്, 27 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 37 റൺസെടുത്തു. റോഡ്രിഗസിനു പിന്നാലെ ക്രീസിലെത്തിയ വേദ കൃഷ്ണമൂർത്തി 22 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും പായിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വേദ 37 റൺസോടെ പുറത്താകാതെ നിന്നു.

തകർത്തടിച്ച് ദക്ഷിണാഫ്രിക്കയും

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 38 റൺസെടുത്ത ഡി വാൻ നീകേർക്കാണ് ആതിഥേയരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച് ഏഴു പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 32 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രിയോണിന്റെ ഇന്നിങ്സും ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ശ്രദ്ധേയമായി. ഇന്ത്യയ്ക്കായി അനൂജ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ ലിസേൽ ലീയും നീകേർക്കും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 26 റൺസ്. ലീയെ പാണ്ഡെ പുറത്താക്കിയശേഷം സുനേ ലൂസിനെ കൂട്ടുപിടിച്ച് നീകേർക്ക് സ്കോറുയർത്തി. 18 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 19 റൺസായിരുന്നു ലീയുടെ സമ്പാദ്യം.

ലൂസ് 13 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 18 റൺസെടുത്തു. ഡുപ്രീസ് (27 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 31), ഡി ക്ലേർക്ക് (25 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ പുറത്താകാതെ 23), ട്രിയോൺ (ഏഴു പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ പുറത്താകാെ 32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.