Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡരികിൽ നിന്ന് നിങ്ങൾ കഴിച്ചു കൊണ്ടിരുന്നത് മട്ടൺ ബിരിയാണി ആയിരുന്നില്ല, ‘പൂച്ച’ ബിരിയാണി

Cats-Meat Representative Image

ചെന്നൈ∙ ഒട്ടേറെ വീടുകളിൽ നിന്ന് ഒരേ ദിവസം തന്നെ വളർത്തുപൂച്ചകളെ കാണാതായിത്തുടങ്ങിയപ്പോഴായിരുന്നു ചെന്നൈ നിവാസികൾ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന സംഘടനയെ സമീപിച്ചത്. എല്ലാവരും ചേർന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതിയും നൽകി. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘പൂച്ചക്കള്ളന്മാരെ’ പിടികൂടാൻ പ്രത്യേക സംഘം തന്നെ രൂപീകരിച്ചു.

രണ്ടു മാസം കൊണ്ടു നടത്തിയ ആ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ‘നരികൊറവ’ വിഭാഗത്തിൽപ്പെട്ട നാടോടികളാണ് പൂച്ചകളെ പിടികൂടിയിരുന്നത്. നഗരത്തിൽ പലയിടത്തായി തമ്പടിച്ച ഇവരിൽ നിന്ന് നാൽപതോളം പൂച്ചകളെയും കണ്ടെത്തി. പൂച്ചകളെ എന്തു ചെയ്യാനാണെന്നു ചോദിച്ചപ്പോഴായിരുന്നു ആ ഉത്തരം പൊലീസിനു ലഭിച്ചത്– ചെന്നൈയിലെ റോഡരികിലുള്ള ചെറിയ തട്ടുകടകൾക്കു വിൽക്കാനാണ്.

അവിടെ കുറഞ്ഞ വിലയ്ക്കു നൽകുന്ന മട്ടൺ ബിരിയാണിയിൽ ആട്ടിറച്ചിക്കു പകരം ചേർക്കുന്നത് പൂച്ചയിറച്ചിയാണ്. ബാറുകളോടും മദ്യവിൽപന ശാലകളോടും ചേർന്നുള്ള തട്ടുകടകളിലായിരുന്നു ഈ ‘പൂച്ചബിരിയാണി’ വിൽപന. കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടായാൽ ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യത്തിലാണ് ഇത്തരം ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള വിൽപന.

സംഭവത്തെത്തുടർന്ന് ചെന്നൈ കോർപറേഷനും പിഎഫ്എ പരാതി നൽകിക്കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ സംഭവത്തിൽ അടിയന്തര നടപടിക്കും അന്വേഷണം ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. കഴിഞ്ഞ 20 വര്‍ഷമായി നാടോടികൾ ഇത്തരത്തിൽ തട്ടുകടക്കാർക്കു പൂച്ചയിറയിച്ചി വിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രിയിലാണ് ഇവരുടെ പ്രവർത്തനം.

കയറിൽ കുരുക്കിയും വലയിലാക്കിയുമാണ് പൂച്ചകളെ പിടികൂടുന്നത്. പിന്നീട് ഇവയെ കൂട്ടത്തോടെ ചൂടുവെള്ളത്തിലിട്ട് കൊല്ലും. തൊലിയുരിച്ച് വിൽപനയും നടത്തും. വിവാഹം പോലുള്ള ആഘോഷത്തിനിടയിലും ഈ നാടോടി വിഭാഗക്കാർ പൂച്ചയിറച്ചി വിളമ്പാറുണ്ട്. സന്ധിവാതത്തിന് പൂച്ചയിറച്ചി മികച്ച ഔഷധമാണെന്ന അന്ധവിശ്വാസത്തെത്തുടർന്ന് സാധാരണക്കാരും ഇതു വാങ്ങുന്നു.

പിടിച്ചെടുത്ത 40 പൂച്ചകളും നിലവിൽ പിഎഫ്എയുടെ റെഡ് ഹിൽസിലെ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ‘നരികൊറവ’ വിഭാഗക്കാരുടെ പുനരധിവാസത്തിനു നടപടി കൈക്കൊള്ളണമെന്നും മൃഗസ്നേഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലാതെ നഗരത്തിലെ പൂച്ചയിറച്ചി വിൽപന തടയാനാവില്ലെന്നും പിഎഫ്എ ചൈന്നൈ ഘടകം വ്യക്തമാക്കുന്നു.