Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബ് നാഷനൽ ബാങ്കിനെ പറ്റിച്ചത് നീരവ് മോദി തന്നെ; അന്വേഷണം ശക്തമാക്കി സിബിഐ

 Punjab National Bank നീരവ് മോദി (ചിത്രം: ഫെയ്സ്ബുക്)

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ(പിഎൻബി) മുംബൈയിലെ ബ്രാഞ്ചുകളിലൊന്നിൽ നടന്ന 11,500 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടിന്മേലുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. 280 കോടി രൂപയുടെ തട്ടിപ്പിന് നിലവിൽ അന്വേഷണം നേരിടുന്ന കോടീശ്വരനായ രത്നവ്യാപാരിക്കെതിരെയാണ് സംശയത്തിന്റെ മുനകൾ നീളുന്നത്. രണ്ടാഴ്ചയ്ക്കിടെ ഒരു വ്യക്തി തന്നെ ഒരേ ബാങ്കിനെതിരെ തട്ടിപ്പു നടത്തുന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. 

നീരവ് മോദിയെന്ന ഈ വൻവ്യവസായിക്കെതിരെ രണ്ടു പരാതികൾ ബാങ്ക് അധികൃതർ സിബിഐക്കു കൈമാറി. 11,544 കോടി രൂപയുടെ അനധികൃത ഇടപാടിന്മേലാണ് ഇത്തവണത്തെ പരാതി. ഒരു ജ്വല്ലറിക്കെതിരെയും പരാതിയുണ്ട്. ഇത് നീരവിന്റെ ജ്വല്ലറിയാണോ എന്നു വ്യക്തമായിട്ടില്ല. രാജ്യാന്തര തലത്തിൽ ആഭരണ വ്യവസായ േമഖലയിൽ ശ്രദ്ധേയനാണ് നീരവ് മോദി. ‘നീരവ് മോദി കലക്‌ഷൻസ്’ എന്ന പേരിൽ ഇയാൾ വിപണിയിലെത്തിക്കുന്ന ആഭരണങ്ങൾക്ക് ചലച്ചിത്രലോകത്തു നിന്നുൾപ്പെടെ ഏറെ ആരാധകരുണ്ട്. 

280.70 കോടി രൂപയുടെ തട്ടിപ്പ് നീരവിനും ഭാര്യ എമിക്കും സഹോദരൻ നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കും എതിരെ നിലവിൽ സിബിഐ അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഇവർക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. അതിനിടെയാണ് ബുധനാഴ്ച മറ്റൊരു അനധികൃത ഇടപാടിന്റെയും സൂചനകൾ ബാങ്കിനു ലഭിച്ചത്.  

ഏകദേശം 11,544 കോടി (1.8 ബില്യൺ ഡോളർ) രൂപയുടെ അനധികൃത തട്ടിപ്പ് ഇടപാട് കണ്ടെത്തിയതായി ബാങ്ക് തന്നെയാണ് അറിയിച്ചത്. ചില പ്രത്യേക അക്കൗണ്ടുകളിലേക്കാണു പണമിടപാട് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് തട്ടിപ്പെന്നാണു പ്രാഥമിക നിഗമനം. ബാങ്കിലുള്ള പണത്തിന്റെ ബലത്തിൽ അക്കൗണ്ട് ഉടമകൾക്ക് വിദേശബാങ്കുകൾ പണം കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കും. തട്ടിപ്പുസംബന്ധിച്ച് എൻഫോഴ്സ്മെന്റിനും അധികൃതർ പരാതി നൽകിയിട്ടുണ്ട്. 

ഇടപാട് വഴി ബാങ്കിന് ഏതെങ്കിലും വിധത്തിലുള്ള കടബാധ്യത വന്നതായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 2011 മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരുടെ സഹായത്താലായിരുന്നു വിവിധ തട്ടിപ്പ് ഇടപാടുകൾ നടന്നത്. അതിനിടെ 280 കോടികളുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ബാങ്ക് 10 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.  

ബോംബെ സ്റ്റോക് ഏസ്ക്ചേഞ്ചിലും (ബിഎസ്ഇ) ബാങ്കിലെ അനധികൃത ഇടപാടിനെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചനാപരമായ നീക്കം നടന്നു എന്നാണ് ബിഎസ്ഇയെ അറിയിച്ചിരിക്കുന്നത്. ബാങ്കിന്റെ ഓഹരിവിലയിൽ ഇടിവു രേഖപ്പെടുത്തി. ആറുശതമാനം വരെ ഇടിവാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടപാടുകൾ വഴിയുള്ള നഷ്ടം ബാങ്കാണോ ഉപഭോക്താവാണോ വഹിക്കേണ്ടതെന്ന് അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. 3000 കോടി രൂപയോളം ഇടപാടുകാർക്ക് നഷ്ടപ്പെടുമെന്നാണു വിവരം. അതേസമയം, സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പിഎൻബി വ്യക്തമാക്കി. സംഭവത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നു ധനമന്ത്രാലയവും അറിയിച്ചു. 

സമാനമായ രീതിയിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ നിലവിലെ സ്ഥിതിവിവര കണക്കുകൾ നൽകണമെന്ന് എല്ലാ ബാങ്കുകളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നീരവ് മോദിയുമായി ഇടപാടുകളുള്ള എല്ലാ ബാങ്കുകളും അതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‌‌സംശയാസ്പദമായ അക്കൗണ്ടുകളെല്ലാം പരിശോധിക്കണമെന്നും തട്ടിപ്പു ശ്രദ്ധയിൽപ്പെട്ടാൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജനുവരി 24ന് അയച്ച സർക്കുലറിൽ ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.