Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് അനുകൂല പരാമർശം; മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹത്തിനു കേസ്

Mani Shankar Aiyar മണിശങ്കർ അയ്യർ.

ജയ്പുർ∙ ഇന്ത്യ–പാക്ക് ബന്ധം സംബന്ധിച്ചു നടത്തിയ വിവാദ പരാമർശത്തിനു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുന്‍പാകെ നൽകിയ പരാതിയിലാണു കേസെടുത്തത്. വാദം കേൾക്കാനായി കേസ് 20ന് പരിഗണിക്കും.

പാക്കിസ്ഥാനിലെ കറാച്ചിയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യ–പാക്ക് ബന്ധങ്ങൾ സംബന്ധിച്ചു നടത്തിയ പരാമർശമാണു വിവാദമായത്. ‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഒരേയൊരു വഴിയേയുള്ളൂ– മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചർച്ച. ഞാൻ അഭിമാനിക്കുന്നു, എന്നാൽ പകുതി സങ്കടപ്പെടുകയും ചെയ്യുന്നു– ഈ മൂന്നു വാക്കുകൾ പാക്കിസ്ഥാൻ നയമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നയമായി സ്വീകരിച്ചിട്ടില്ല.’– അയ്യർ പറഞ്ഞു. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി‌യെ ‘അധമൻ’ എന്നു വിശേഷിപ്പിച്ചും അയ്യർ വിവാദത്തിൽപ്പെട്ടിരുന്നു.

അയ്യരുടെ പ്രസംഗത്തില്‍ പാക്കിസ്ഥാനെ പ്രശംസിച്ചതിനൊപ്പം ഇന്ത്യയെ അധിക്ഷേപിച്ചെന്നാണു ബിജെപിയുടെ കോട്ട ജില്ലാ ഒബിസി വിഭാഗം നേതാവ് അശോക് ചൗധരിയുടെ പരാതി. അയ്യരുടെ പരാമര്‍ശം രാജ്യസ്നേഹത്തിനു ചേരാത്തതാണ്. സൈന്യത്തിനുനേരെ പാക്ക് ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അയ്യരുടെ പ്രസ്താവന.

തീവ്രവാദം വളര്‍ത്തുന്നതില്‍ പാക്കിസ്ഥാനെ പ്രോൽസാഹിപ്പിക്കുന്ന വാക്കുകളാണിതെന്നും ചൗധരി ആരോപിച്ചു. അതേസമയം, പ്രസ്താവന തള്ളിയ കോൺഗ്രസ് മണിശങ്കർ അയ്യരെ പാര്‍ട്ടിയില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു.

related stories