Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം; ദിലീപിന് എതിരായ ഗൂഢാലോചന തെളിയിക്കൽ വെല്ലുവിളി

Dileep, Pulsar Suni നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ നടൻ ദിലീപ്, പൾസർ സുനി. ചിത്രം∙ മനോരമ

കൊച്ചി∙ കേരളത്തെ ഞെട്ടിച്ചുകൊണ്ടു യുവനടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം. നടൻ ദിലീപ് അടക്കം 12 പേർ പ്രതികളായ കേസിന്‍റെ വിചാരണ തുടങ്ങുന്നതു സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ തീരുമാനമെടുക്കും. ദിലീപിനു നടിയോടു ശത്രുതയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്ന മൊഴികൾ പുറത്തുവന്നെങ്കിലും ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന വിചാരണയിൽ തെളിയിക്കുകയെന്നതാണു പൊലീസിനു മുന്നിലെ വെല്ലുവിളി.

2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്.

ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവര്‍ത്തകര്‍ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) രൂപീകരണത്തിനും സംഭവം കാരണമായി.

തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ചു ബ്ലാക്മെയിൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതി നൽകി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ജൂൺ 28ന് ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു.

കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ. വിചാരണ എപ്പോൾ തുടങ്ങുമെന്നു തീരുമാനിക്കാനായി കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.