Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണായകം ‘ദോക് ലാ’: ബിപിൻ റാവത്തും അജിത് ഡോവലും ഭൂട്ടാനിലെത്തി ചർച്ച നടത്തി

ajit-doval-vijay-gokhale-bipin-rawat അജിത് ഡോവൽ, വിജയ് ഗോഖലെ, ജനറൽ ബിപിൻ റാവത്ത് (ഫയൽ ചിത്രങ്ങൾ)

ന്യൂഡൽഹി∙ ദോക് ലാ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ചയ്ക്കായി സൈനിക മേധാവി ബിപിൻ റാവത്ത്, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ഈ മാസമാദ്യം ഭൂട്ടാനിലെത്തിയിരുന്നതായി റിപ്പോർട്ട്. ഭൂട്ടാൻ ഭരണകൂടവുമായി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തെന്നു സർക്കാർ വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു.

ഇരുഭാഗത്തെയും സുരക്ഷയും പ്രതിരോധ സഹകരണവും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദോക് ലാ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനവും സൈനിക സാന്നിധ്യവും ചൈന വർധിപ്പിക്കുന്ന വിഷയത്തിലും ചർച്ച നടന്നു. ഈ മാസം ആറിനും ഏഴിനുമാണു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ഫലം ‘പോസിറ്റീവ്’ ആണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

ദോക് ലായിൽ ഇന്ത്യ – ചൈന സൈന്യങ്ങൾ 73 ദിവസംമുഖാമുഖം നിന്നതിൽനിന്നു പിന്തിരിഞ്ഞശേഷം ആദ്യമായാണു റാവത്തും ദോവലും ഗോഖലെയും അടക്കമുള്ള ഉന്നത നേതൃത്വം ഭൂട്ടാൻ സന്ദർശിക്കുന്നത്. സന്ദർശനത്തെക്കുറിച്ചോ ചർച്ചയെക്കുറിച്ചോ ഇരു കൂട്ടരും രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. ഗുവാഹത്തിയിൽ നിക്ഷേപകരുടെ സമ്മേളനം നടക്കുന്നതിനോട് അനുബന്ധിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു. ഇതിനു മൂന്നു ദിവസങ്ങൾക്കുശേഷമാണ് ഇന്ത്യൻ സംഘം ഭൂട്ടാനിലെത്തിയത്.

ദോല് ലാ മേഖലയിൽ സമാധാനം വേണമെന്നാണ് ഭൂട്ടാൻ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിനെ രാജ്യം പുകഴ്ത്തിയെന്നുമാണ് റിപ്പോർട്ട്.