Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ പിടിവാശി മാറി, ഗ്രൂപ്പ് ഡി പരീക്ഷ മലയാളത്തിൽ എഴുതാം; 62,907 ഒഴിവ്

Indian Railway

പാലക്കാട്∙ ഗ്രൂപ്പ് ഡി പരീക്ഷയിൽ മലയാളം ഒഴിവാക്കിയ നടപടി പിൻവലിച്ചു റെയിൽവേ. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ വെബ്സൈറ്റ് പരിഷ്കരിച്ചു. ഉദ്യോഗാർഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നത്തില്‍ എം.ബി.രാജേഷ് എംപിയാണ് ആദ്യം ഇടപെട്ടത്. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ സമർപ്പിച്ചവർക്കു തിരുത്തുന്നതിനും സംവിധാനമൊരുക്കി.

ശമ്പളം: 18,000 രൂപ; മറ്റ് ആനുകൂല്യങ്ങളും...

വിവാദ തീരുമാനം ശ്രദ്ധയിൽപെട്ട ഉടനെ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചിരുന്നു. റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ പ്രാദേശിക ഭാഷകളിൽ മലയാളത്തെ മാത്രം ഒഴിവാക്കിയതു മലയാള ഭാഷയോടും ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ്. റെയിൽവേ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന വിവാദ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആയിരക്കണക്കിനു മലയാളികൾക്കു മാതൃഭാഷയിൽ പരീക്ഷയെഴുതാനുള്ള അവസരമാണു ഇപ്പോഴുണ്ടായത്. എസ്എസ്എൽസിയോ എൻസിവിടി അംഗീകാരമുള്ള ഐടിഐയോ അടിസ്ഥാന യോഗ്യതയായ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആരംഭിച്ചു. വിവിധ റിക്രൂട്മെന്റ് ബോർഡുകൾ വഴി 62,907 തസ്തികകളിലേക്കാണു നിയമനം. 

റെയിൽവേ റിക്രൂട്മെന്റ് ബോർഡ് പരീക്ഷകൾ ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണു നടന്നിരുന്നത്. ഇവയ്ക്കു പുറമെ, ബന്ധപ്പെട്ട മേഖലയിലെ പ്രാദേശിക ഭാഷ കൂടി ഉൾപ്പെടുത്താൻ മമതാ ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നു. ഗ്രൂപ്പ് ഡി തസ്തികകളിലാണു തീരുമാനം ആദ്യം നടപ്പാക്കിയത്. ഇതിനുശേഷം മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ, പുതിയ പരീക്ഷ പ്രഖ്യാപിച്ചപ്പോൾ മലയാളം മാത്രം പട്ടികയിൽ ഇല്ലായിരുന്നു.

ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നിവയ്ക്കു പുറമെ, ഗുജറാത്തി, മറാഠി, പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, കൊങ്ങിണി, ഒഡിയ, അസമീസ്, മണിപ്പുരി ഭാഷകളിലെല്ലാം പരീക്ഷയെഴുതാൻ അവസരമുണ്ട്. ചെന്നൈ ബോർഡിനു കീഴിൽ 2979 തസ്തികകളാണ് ഒഴിവുള്ളത്. ഇതിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഒഴിവുകളും ഉൾപ്പെടും. എന്നാൽ, ചെന്നൈയിൽ പ്രാദേശിക ഭാഷയായി ഉൾപ്പെടുത്തിയിരിക്കുന്നത് തമിഴും തെലുങ്കും മാത്രമായിരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തമാസം 12 ആണ്.

related stories