Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍ഡോസള്‍ഫാന്‍: പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കു നഷ്ടപരിഹാരവും പ്രതിമാസ പെന്‍ഷനും നല്‍കാന്‍ ആവശ്യമായ തുകയുടെ 50 ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശയും സുപ്രീംകോടതി നിര്‍ദേശവും അനുസരിച്ച് ആശ്വാസധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു വരുന്ന ബാധ്യത 349 കോടി രൂപയാണ്. ഇതിന്‍റെ പകുതി തുകയായ 174.5 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയുടെ പകുതി 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് 483 കോടി രൂപയുടെ പദ്ധതി 2012-ല്‍ സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സഹായം ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 14, ഒക്ടോബര്‍ 30 തീയതികളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാല്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

ദുരന്തബാധിതരെ സഹായിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. അവര്‍ക്ക് ആശ്വാസമെത്തിക്കാനും അവരെ നല്ലനിലയില്‍ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം അര്‍ഹരായ ദുരന്തബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കി.

മരിച്ചവരുടെയും മാനസിക വെല്ലുവിളി നേരിട്ടവരുടെയും കിടപ്പിലായവരുടെയും കുടുംബങ്ങള്‍ക്കാണ് അഞ്ചുലക്ഷം വീതം നല്‍കിയത്. മറ്റു ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കി. അതിനു പുറമേ ദുരന്തബാധിതരുടെ പട്ടികയിലുളള കാന്‍സര്‍ രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു.

ദുരന്തബാധിതരായ 4376 പേര്‍ക്ക് 2200 രൂപ, 1700 രൂപ, 1200 രൂപ എന്ന തോതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കിടപ്പിലായവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ അലവന്‍സും നല്‍കുന്നു. ഇതിന് പുറമെ ബഡ്സ് സ്കൂളില്‍ ഏഴാംതരം വരെയുളളവര്‍ക്ക് 2000 രൂപയും ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്ക് 3,000 രൂപയും ഹയര്‍സെക്കൻഡറിക്കാര്‍ക്ക് 4000 രൂപയും പ്രതിവര്‍ഷ സ്കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്.

ദുരന്തബാധിതര്‍ക്കു കടാശ്വാസം നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. ഇതനുസരിച്ച് 2011 ജൂണ്‍ 30നോ അതിന് മുൻപോ മൂന്നു ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ കടബാധ്യതയില്‍ നിന്ന് ഒഴിവാകും. കേരളത്തിലെയും കര്‍ണാടകത്തിലെയും 17 പ്രധാന ആശുപത്രികളില്‍ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച 11 പഞ്ചായത്തുകളില്‍ 200 കോടി രൂപ ചെലവില്‍ 236 പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും ഏൽപിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.

ദേശീയ ആരോഗ്യ മിഷന്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി ലഭിക്കുന്ന സഹായം തീര്‍ത്തും നിസ്സാരമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മതിയായ ധനസഹായം അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

related stories