Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറി; കപ്പൽശാലയ്ക്കു വീഴ്ച പറ്റി, ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങും

Cochin Shipyard Blast കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് പരുക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് പുറത്തേക്കു പോകുന്നു. (ഫയൽ ചിത്രം)

കൊച്ചി∙ കപ്പല്‍ശാല ദുരന്തത്തില്‍ മാനേജരും ജനറല്‍ മാനേജരും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. തീപിടിത്തം മൊബൈല്‍ ഫോണിലോ സ്വിച്ചിലോ ഉണ്ടായ സ്പാര്‍ക്ക് മൂലമാണെന്നു കണ്ടെത്തിയ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍‌ക്കാരിനു കൈമാറി.

സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ശുപാര്‍ശ. കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയുണ്ടാകുന്നതിന് ഇടയാക്കിയത്. അസറ്റ്ലിന്‍ വാതകം ചോര്‍ന്നതുതന്നെയാണ് അപകടത്തിനിടയാക്കിയതെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന്റെ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.

കൊച്ചി കപ്പല്‍ശാല അധികൃതര്‍ക്കുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അറ്റകുറ്റപ്പണിക്കുള്ള കരാര്‍ നല്‍കുന്നതിനു മുമ്പ് വര്‍ക്ക് ഏരിയ വിശദമായി പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കണമായിരുന്നു. അതിനുശേഷമേ പണിയെടുക്കുന്നതിനുള്ള ഹോട്ട് വര്‍ക് പെര്‍മിറ്റ് നല്‍കാന്‍ പാടുള്ളു. എന്നാല്‍ കപ്പല്‍ശാല ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തി. അതിനാല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ആക്ട് സെക്‌ഷന്‍ 92 പ്രകാരം ഫാക്ടറി കൈക്കാരനെയും മാനേജരെയും വിചാരണ ചെയ്യണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഇതുപ്രകാരം നിയമനടപടി നേരിടേണ്ടത്.

വാതകച്ചോര്‍ച്ചയുണ്ടായതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാകാം തീപിടിക്കാന്‍ കാരണം. കപ്പലിലെ മൂന്നാമത്തെ ഡക്കിലായിരുന്നു അറ്റകുറ്റപ്പണി നടക്കുന്നത്. ഇതേ സമയത്ത് ഒന്നും രണ്ടും ഡക്കുകളില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ചോര്‍ന്ന അസറ്റ്ലിന്‍ വാതകം ഭക്ഷണം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ലിഫ്റ്റ് വഴി മുകളിലത്തെ ഡക്കുകളിലേക്ക് എത്തിയിരിക്കാമെന്നും അങ്ങനെ താഴേക്കു തീ പടര്‍ന്നതാകാമെന്നതുമാണു മറ്റൊരു അനുമാനം. മൂന്നാമത്തെ ഡക്കില്‍ തന്നെയുള്ള ഏതെങ്കിലും സ്വിച്ച് ഓണാക്കിയതു വഴിയുണ്ടായ സ്പാര്‍ക്ക് പൊട്ടിത്തെറിക്കിടയാക്കിയിരിക്കാം എന്നും നിഗമനമുണ്ട്.

പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.