Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് ദമ്പതികൾക്ക് ഓട്ടോഡ്രൈവർമാരുടെ മർദനമേറ്റ സംഭവം: വിഡിയോ പുറത്ത്

Autorickshaw Driver Attack കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ ദമ്പതികളെ ഓട്ടോഡ്രൈവർമാർ മർദിക്കുന്നു(വിഡിയോ ദൃശ്യത്തിൽ നിന്ന്)

കോട്ടയം∙ ദമ്പതികൾക്ക് ഓട്ടോഡ്രൈവർമാരുടെ മർദനമേറ്റ സംഭവത്തിൽ കൂടുതൽ തെളിവുമായി വിഡിയോ പുറത്ത്. ദമ്പതികളെ മർദിക്കുന്നതിനിടെ ഇടപെട്ട മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ട് ആറോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരം പേട്ട സ്വദേശികളായ ശിവബാബുവും ഭാര്യ കെഎസ്ഇബി സബ് എൻജിനീയർ പത്മശീലയുമാണ് ആക്രമണത്തിനിരയായത്.

ഇതു കണ്ട് ഓടിയെത്തിയ മാധ്യമപ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന കൈരളി ടിവി ബ്യൂറോ ചീഫ് ടി.പി.പ്രശാന്തിന്റെ വയറിന് ഓട്ടോ തൊഴിലാളികളിൽ ചിലർ ചവിട്ടുകയായിരുന്നു. സംഭവത്തിൽ മറിയപ്പള്ളി കളത്തൂ‍ർ ബാബു (53), കുമ്മനം തുണ്ടിയിൽ ശരത് (26) എന്നിവരെ പിടികൂടി. ഇതിനിടെ ഒരാൾ ഓട്ടോയിൽ കടന്നു കളഞ്ഞു. ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. 

കുറ്റക്കാരുടെ ലൈസൻസും ഓട്ടോ പെർമിറ്റും റദ്ദാക്കണമെന്നു മാധ്യമപ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു. മർദിച്ച പ്രതിയെ പൊലീസ് പിടികൂടാത്തതിൽ യോഗം അപലപിച്ചു. യഥാർഥ പ്രതി ഒളിവിലാണ്. കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും.

പൊതുജനങ്ങളെ ഏറെക്കാലമായി അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ഓട്ടോത്തൊഴിലാളികൾക്കിടയിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രീപെയ്ഡ് ഓട്ടോ റിക്ഷ കൗണ്ടർ തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർക്ക് പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം പരാതി നൽകി. യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എസ്.സനിൽകുമാർ അധ്യക്ഷനായി.