Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അജ്ഞാതൻ’ നൽകിയ വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു

Odisha-Wedding-Gift-Explosion വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട യുവാവ് ഭാര്യയ്ക്കൊപ്പം (ചിത്രം: എഎൻഐ)

ഭുവനേശ്വർ∙ വിവാഹസമ്മാനം തുറന്നു നോക്കിയ നവവരനെ കാത്തിരുന്നതു മരണം. ഒഡിഷയിലെ ബൊലാങ്കിർ ജില്ലയിലാണു സംഭവം. വിവാഹ സമ്മാനങ്ങള്‍ തുറന്നു നോക്കുമ്പോൾ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ മുത്തശ്ശി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും ഗുരുതര പരുക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫെബ്രുവരി 21നായിരുന്നു യുവാവിന്റെ വിവാഹം. അജ്ഞാതനായ ഒരു വ്യക്തിയാണു സമ്മാനം നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം സമ്മാനങ്ങൾ തുറന്നു നോക്കുമ്പോഴായിരുന്നു അപകടം. വൻ സ്ഫോടന ശബ്ദത്തോടെയാണ് ‘സമ്മാനം’ പൊട്ടിത്തെറിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.

ആരാണു സമ്മാനം നൽകിയതെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സമ്മാനം നൽകിയ വ്യക്തിയെ തിരിച്ചറിഞ്ഞാൽ മാത്രമേ കേസിൽ പുരോഗതിയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി.