Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം ഫലം കണ്ടു; ആളിയാറിലേക്കു ജലവിതരണം പുനഃരാരംഭിച്ച് തമിഴ്നാട്

Aliyar Issue തമിഴ്നാട് അതിർത്തി ചെക്പേ‍ാസ്റ്റുകളിൽ ആളിയാര്‍ സമര സമിതി കഴിഞ്ഞ ദിവസം ചരക്കുവാഹനം തടഞ്ഞപ്പോൾ (ഫയൽ ചിത്രം)

പാലക്കാട് ∙ മൂന്നുദിവസമായി ചിറ്റൂർ മേഖലയിലെ കർഷകരും സർവകക്ഷി കർമസമിതിയും നടത്തിവന്ന ചരക്കുവാഹനം തടയൽ സമരം ഫലംകണ്ടു. കരാർ പ്രകാരം കേരളത്തിനു അർഹതപ്പെട്ട ജലം തമിഴ്നാട് നൽകി തുടങ്ങി. ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കും പറമ്പിക്കുളത്തു നിന്ന് ആളിയാർ ഡാമിലേക്കുമുള്ള ജലവിതരണമാണു തമിഴ്നാട് പുനരാരംഭിച്ചത്. ഇതേ‍ാടെ കർഷകരും സമരം അവസാനിപ്പിച്ചു.

ശിരുവാണി അണക്കെട്ടിൽ നിന്ന് അട്ടപ്പാടിയിലേക്ക് അധിക ജലം ഒഴുക്കുന്നതുൾപ്പെടെയുള്ള കേരളത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കൊടുവിലാണ് തമിഴ്നാട് അടിയന്തര യോഗം ചേർന്ന്  ജലവിതരണം പുനഃരാരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി പ്രശ്ത്തിൽ ഇടപെട്ടാണു ചർച്ചയ്ക്കും പരിഹാരത്തിനും വഴിതെളിച്ചത്.

ആളിയാറിൽ നിന്ന് സെക്കൻഡിൽ 450 ഘന അടി തോതിലാണ് ചിറ്റൂർപ്പുഴയിലേക്കു ജലവിതരണം പുനഃരാരംഭിച്ചത്. ജലം തിങ്കളാഴ്ച രാവിലെ ഒൻപതോടെ മൂലത്തറ റഗുലേറ്ററിലെത്തും. പറമ്പിക്കുളത്തു നിന്നു തിരുമൂർത്തി അണക്കെട്ടിലേക്കുള്ള ജലവിതരണം നിർത്തിവച്ചാണ് സെക്കൻഡിൽ 400–450 ഘനഅടി തോതിൽ ആളിയാറിലേക്ക് വെള്ളം ഒഴുക്കുക. കർഷക സമരത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ചെക്പോസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്.

കെ.കൃഷ്ണൻകുട്ടി എംഎൽഎയുടെ തുടർച്ചയായ ഇടപെടലാണ് സർക്കാർതല നടപടികൾക്കു വഴിവച്ചത്. ആളിയാറിൽ നിന്നു ചിറ്റൂരിലേക്കുള്ള ജലവിതരണം പുനഃരാരംഭിച്ചാൽ മാത്രമേ ചർച്ചയ്ക്കും തുടർ നടപടികൾക്കും ഉള്ളൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്. തമിഴ്നാട് അനുകൂല നിലപാട് എടുത്തതേ‍ാടെ ശിരുവാണിയിൽ നിന്നുള്ള അധികജല വിതരണം കേരളം കുറച്ചു.