Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷവാതകം ചൊരിഞ്ഞ് സിറിയൻ സൈന്യം; ശ്വാസത്തിനായി പിടഞ്ഞ് കുരുന്നുകൾ

Syria-Children-Chemical-Weapon വിഷവാതകം ശ്വസിച്ച് കിഴക്കൻ ഗൂട്ടായിലെ ആശുപത്രിയിലെത്തിയ കുട്ടികളെ പരിചരിക്കുന്നു. രാസായുധ പ്രയോഗമാണ് ഇവർക്കു നേരെയുണ്ടായതെന്നാണു സൂചന.

അർബിൻ(സിറിയ)∙ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിർന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കപ്പെടുന്നത്. പലർക്കും ഓക്സിജൻ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നൂറോളം കുരുന്നുകളാണ് ഒരു മാസത്തിനിടെ ബോംബാക്രമണത്തെത്തുടർന്നു യുദ്ധഭൂമിയിൽ മരിച്ചുവീണത്.

രാസായുധ പ്രയോഗത്തിൽ 14 പേർക്കു പരുക്കേറ്റു. ഒരു കുട്ടി കൊല്ലപ്പെട്ടു. ഈ കുരുന്നിന്റെ ചലനമറ്റ ശരീരവുമായി ഡോക്ടർമാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടു. 25നു നടന്ന ആക്രമണത്തിൽ ക്ലോറിൻ ബോംബുകൾ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓർഗനൈസേഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (ഒപിസിഡബ്ല്യു) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാധാരണക്കാർക്കു മേൽ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാൽ യുഎസിനൊപ്പം ചേർന്ന് സിറിയൻ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതർക്കെതിരെ ഏഴു വർഷമായി തുടരുന്ന യുദ്ധത്തിനിടെ ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണമാണു സിറിയ അഴിച്ചുവിടുന്നത്. ഇതിനു റഷ്യയുടെ പിന്തുണയുമുണ്ട്.

2012 മുതൽ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയാണു ദമാസ്‌കസിനു സമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രം. പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സിറിയൻ സൈന്യം ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. നാലു ലക്ഷത്തോളം ജനങ്ങൾ കിഴക്കൻ ഗൂട്ടായിൽ കുടുങ്ങിക്കിടപ്പുണ്ട്.

ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 30 ദിവസത്തെ വെടിനിർത്തലും പ്രഖ്യാപിച്ചു. എന്നാൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെയുള്ള വെടിനിർത്തൽ പരാജയപ്പെട്ടെന്നാണു മേഖലയില്‍ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി.

വൻ നശീകരണ സ്വഭാവമുള്ള ബാരൽ ബോംബുകൾ കിഴക്കൻ ഗൂട്ടായിൽ വർഷിക്കുകയാണെന്നു യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി കുറ്റപ്പെടുത്തി. റോക്കറ്റ് ആക്രമണവും തുടരുകയാണ്. ഇവിടെനിന്നു ജനങ്ങൾക്കു പലായനം ചെയ്യാനായി ‘രക്ഷാപാത’ ഒരുക്കിയെങ്കിലും അവിടം കേന്ദ്രീകരിച്ചാണു വിമതരുടെ പ്രധാന ആക്രമണമെന്നു റഷ്യ പറയുന്നു. പാതയിൽ വിമതസൈന്യം നാശം വിതയ്ക്കുകയാണ്. സാധാരണക്കാരെ മറയാക്കിയാണ് അവരുടെ പോരാട്ടം. പക്ഷേ രക്ഷാപാതയിലൂടെ തന്നെ കിഴക്കൻ ഗൂട്ടയിലേക്ക് വൈദ്യസഹായവും ഭക്ഷണവും ഉൾപ്പെടെ എത്തിക്കുമെന്ന് റഷ്യ അറിയിച്ചു. രക്ഷാപ്രവർത്തനവും തുടരും. ഫ്രാൻസും ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതു വ്യക്തമായിട്ടില്ല. തകർന്നടിഞ്ഞ കെട്ടിടങ്ങളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ വാർത്തയും എത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ ക്ലോറിൻ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടാണു സംശയത്തിനിടയാക്കിയത്. തുടർന്ന് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

രാസായുധങ്ങളിൽ ക്ലോറിൻ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതൽ രാജ്യാന്തര തലത്തിൽ കരാറുണ്ട്. ശ്വാസകോശത്തിലെത്തിയാൽ ക്ലോറിൻ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. വൻതോതിൽ അവിടെ ഇതു നിറയുന്നതോടെ കാത്തിരിക്കുന്നതു നിശബ്ദ മരണമാണ്. കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. ഇതുവരെ അഞ്ഞൂറിലേറെപ്പേർ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ നാലിലൊന്നും കുട്ടികളാണെന്നാണു കണക്കുകൾ.

കിഴക്കൻ ഗൂട്ടയിൽത്തന്നെ 2013ൽ സിറിയ നടത്തിയ രാസായുധ പ്രയോഗത്തിൽ നേരത്തേ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മർദ്ദത്തെത്തുർന്ന് അന്ന് രാസായുധ നിർവ്യാപന കരാറിൽ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.

2013ലും 2014ലും ഒപിസിഡബ്ല്യു നിരീക്ഷണ സംഘങ്ങളെ അയച്ചെങ്കിലും കനത്ത ആക്രമണമാണു നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ ഇത്തവണ കിഴക്കൻ ഗൂട്ടയിലേക്ക് പ്രതിനിധികളെ അയയ്ക്കേണ്ടെന്നാണു തീരുമാനം. പകരം സാക്ഷിമൊഴികൾ ശേഖരിക്കും. വിഡിയോ തെളിവുകളും ആരോഗ്യ വിദഗ്ധരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.